
മുംബൈയിലെ സബര്‍ബന്‍ ട്രെയിനുകളില്‍ ഓട്ടോമാറ്റിക് വാതിലുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. മുംബൈ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ ബോഡിന്റെ നിര്‍ണായക തീരുമാനം. പുതിയ റാക്കുകളിലാണ് ഓട്ടോമാറ്റിക് വാതിലുകള്‍ ഘടിപ്പിക്കുക.
തിരക്കുമൂലം മുംബൈയില്‍ സബര്‍ബന്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചിരുന്നു. പ്ലാറ്റ് ഫോമില്‍ നിന്ന് മുന്നോട്ട് നീങ്ങിയ ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ പാളത്തിലേക്ക് വീണത്. 12ഓളം പേര്‍ക്ക് പരിക്കേറ്റുവെന്ന് പ്രാഥമിക വിവരം.
ട്രെയിനിലെ തിരക്ക് കാരണമാണ് അപകടമെന്നാണ് പ്രാഥമിക വിവരം. മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനല്‍സില്‍ നിന്ന് താനെയിലെ മുംബ്രയിലേക്ക് പോയ ട്രെയിനിലാണ് അപകടമുണ്ടായത്. തിരക്ക് കാരണം യാത്രക്കാര്‍ വാതിലുകളില്‍ തൂങ്ങിയാണ് യാത്ര ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
അപകടത്തിന് പിന്നാലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.