NATIONAL

ഉത്തരേന്ത്യയിൽ മഴ കനക്കുന്നു, യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ; ഡൽഹിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ വെള്ളത്തിനടിയിലായി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: തുടർച്ചയായി മഴ തുടർന്നതോടെ യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായി. ഇതോടെ ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ വെള്ളത്തിനടിയിലായി. നദീതീരങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ മാറ്റി പാർപ്പിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹി-എൻസിആർ, പഞ്ചാബ് എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്.

യമുന കരകവിഞ്ഞൊഴുകിയതോടെ കശ്മീരി ഗേറ്റിന്റെ ചില ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഡൽഹിയിലും എൻ‌സി‌ആർ മേഖലയിലും മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. യമുന ബസാർ, യമുന ഖാദർ തുടങ്ങിയിടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിലെ താമസക്കാരെ ദേശീയ ദുരന്ത നിവാരണ സേനയും ജില്ലാ അധികാരികളും ചേർന്ന് മാറ്റിപ്പാർപ്പിച്ചു.

വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സെപ്റ്റംബർ 5, 6 തീയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ഹരിയാനയിലെ പാനിപ്പത്ത്, സോണിപത്ത്, ഗുരുഗ്രാം, ഫരീദാബാദ്, പൽവാൾ, മേവാത്ത് എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, അയൽ സംസ്ഥാനമായ പഞ്ചാബിൽ വെള്ളപ്പൊക്ക സ്ഥിതി കൂടുതൽ വഷളായി. 1988ന് ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്നാണ് അധികൃതർ പറയുന്നത്. മഴക്കെടുതികളിൽ ഇതുവരെ 37 പേരാണ് മരിച്ചത്. 23 ജില്ലകളിലായി 1.75 ലക്ഷം ഹെക്ടറിലെ വിളകൾ നശിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ രൂപ്‌നഗർ, പട്യാല ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള എല്ലാ സ്‌കൂളുകളും കോളേജുകളും സർവകലാശാലകളും സെപ്റ്റംബർ 7 വരെ അടച്ചിട്ടിരിക്കുകയാണ്.

അടിയന്തര ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി 71 കോടി രൂപയാണ് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചത്. വെള്ളപ്പൊക്ക ബാധിത കുടുംബങ്ങൾക്കായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾ സംഭാവനകൾ നൽകണമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

SCROLL FOR NEXT