NATIONAL

ഉന്നാവോ അതിജീവിതയ്ക്ക് ആശ്വാസം; കുൽദീപ് സിങിൻ്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിന് സ്റ്റേ

പ്രതിക്ക് ജാമ്യം നൽകരുതെന്നും കോടതി ആവശ്യപ്പെട്ടു

Author : വിന്നി പ്രകാശ്

ഉന്നാവോ ബലാത്സംഗ കേസിൽ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിൻ്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ഹർജിയിലാണ് വിധി. പ്രതിക്ക് ജാമ്യം നൽകരുതെന്നും കോടതി ആവശ്യപ്പെട്ടു.

കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ പൊതുപ്രവര്‍ത്തകന്‍ അല്ലാത്തതിനാല്‍ ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഉന്നാവോയിലെ സാഹചര്യം ഗൗരവതരമാണെന്നും നിരീക്ഷിച്ചു. ക്രൂരമായ കുറ്റകൃത്യത്തിനുള്ള മറുപടിയാണ് സെൻഗാറിന് ലഭിച്ച ശിക്ഷാവിധി. കഠിനമായ ശിക്ഷ നല്‍കണമെന്നതാണ് നിയമ നിര്‍മാണത്തിൻ്റെ ഉദ്ദേശ്യമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിയിക്കാനായതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് തെളിയിക്കപ്പെട്ടത്. ഈ കുറ്റകൃത്യത്തിലാണ് പരമാവധി ശിക്ഷ നല്‍കിയതെന്നും സിബിഐ ഹർജിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി സാധാരണ ജാമ്യം റദ്ദാക്കുന്നതിൽ ഹൈക്കോടതിയ്ക്ക് ഇടപെടാൻ പറ്റില്ലെന്നും വ്യക്തമാക്കി.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് വിചാരണ കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചത്. വിധി ഡൽഹി ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സിബിഐ അപ്പീൽ നൽകിയത്. ഹൈക്കോടതി വിധി യുക്തിഹീനമെന്ന് കാണിച്ചായിരുന്നു സിബിഐയുടെ ഹർജി.

ഡൽഹി ഹൈക്കോടതി വിധി പുറത്തു വന്നതിന് പിന്നാലെ ഉന്നാവോ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഹമ്മദ് പട്ടേലിൻ്റെ മകൾ മുംതാസ് പട്ടേലടക്കമുള്ളവർ പാർലമെൻ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിധിക്കെതിരെ പ്രതിഷേധിച്ച അതിജീവിതയും അമ്മയും കഴിഞ്ഞ ദിവസം കൈയേറ്റം ചെയ്യപ്പെട്ടിരുന്നു.

SCROLL FOR NEXT