പ്രധാനമന്ത്രി നരേന്ദ്ര മോദി 
NATIONAL

പ്രധാനമന്ത്രിക്കും അമ്മയ്ക്കുമെതിരായ മോശം പരാമർശം: ബിഹാറിൽ ഇന്ന് എൻഡിഎ ബന്ദ്

ആശുപത്രികളും ആംബുലൻസും അടക്കമുള്ള അടിയന്തര സേവനങ്ങളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരായ അധിക്ഷേപ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബിഹാറിൽ ഇന്ന് ബന്ദ്. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്. എൻഡിഎ ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വനിതാ സംഘടനകളുടെ നേതൃത്വത്തിൽ ആയിരിക്കും പ്രതിഷേധം. ആശുപത്രികളും ആംബുലൻസും അടക്കമുള്ള അടിയന്തര സേവനങ്ങളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ബസ് സർവീസുകൾ അടക്കം തടസപ്പെടാനാണ് സാധ്യത. രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിക്കും അമ്മയ്ക്കും എതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് പിന്നാലെയാണ് എൻഡിഎ ബന്ദിന് ആഹ്വാനം ചെയ്തത്. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം.

ബിഹാറിലെ ദർഭംഗ ജില്ലയിൽ നിന്നുള്ള ഒരു വീഡിയോ വൈറല്‍ ആയതോടെയാണ് രാഷ്ട്രീയ ആരോപണങ്ങള്‍ ആരംഭിച്ചത്. രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും ഫോട്ടോകള്‍ പ്രദർശിപ്പിച്ചിരുന്ന വേദിയില്‍ പ്രധാനമന്ത്രിക്കെതിരെ ഒരു കൂട്ടം യുവാക്കള്‍ അധിക്ഷേപകരമായ പരാമർശങ്ങള്‍ നടത്തുന്നതായിരുന്നു വീഡിയോ.

പിന്നാലെ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതിപക്ഷം അമ്മയെ വലിച്ചിഴയ്ക്കുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രം​ഗത്തെത്തിയിരുന്നു. രാജ കുടുംബങ്ങളില്‍ ജനിച്ച രാജകുമാരന്മാർക്ക് പിന്നാക്കാവസ്ഥയിലുള്ള ഒരു അമ്മയുടെയും അവരുടെ മകന്റെയും പോരാട്ടങ്ങള്‍ മനസിലാകില്ലെന്നും പ്രതികരിച്ചിരുന്നു.

SCROLL FOR NEXT