NATIONAL

ടൈഗർ ഷ്‌റോഫിന് നേരെയുള്ള ആക്രമണം: അമിതാഭ് ബച്ചനെയും സൽമാൻ ഖാനെയും ആമിർ ഖാനെയും ലക്ഷ്യമിട്ടു! റിപ്പോർട്ട്

താരങ്ങളുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളും കൃത്യമായി നിരീക്ഷിച്ചുവെന്നുമാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന് എതിരെ ആക്രമണം നടത്തിയ കൊലയാളി സംഘം കൂടുതൽ താരങ്ങളെ ലക്ഷ്യമിട്ടിരുന്നതായി കണ്ടെത്തൽ. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയവരുടെ വീട്ടിൽ പ്രതികൾ നിരന്തരം നിരീക്ഷണം നടത്തി. താരങ്ങളുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളും കൃത്യമായി നിരീക്ഷിച്ചുവെന്നുമാണ് റിപ്പോർട്ട്. സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് കനത്ത സുരക്ഷ ഉള്ളതിനാൽ പദ്ധതി ഉപേക്ഷിക്കുകയും ടൈഗർ ഷ്റോഫിനെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കുകയുമായിരുന്നുവെന്നാണ് കണ്ടെത്തൽ. ടൈഗർ ഷ്‌റോഫിന് എതിരായ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ രഹസ്യ ശൃംഖലയിലൂടെയാണ് മുംബെയിൽ എത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ പ്രുഖ ബോളിവുഡ് താരങ്ങളുടെ സുക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ ഒരു വിഐപിയെ ലക്ഷ്യമിട്ടാണ് പോയിരുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടൈഗര്‍ ഷ്‌റോഫിന്‌റെ കാറിന് നേരെ വെടിയുതിര്‍ത്ത രണ്ടുപേര്‍ ബാന്ദ്രയിലെ സല്‍മാന്‍ ഖാന്റെ വീടിനെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. എന്നാല്‍ അവിടെ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രത്യേക സുരക്ഷയില്ലാത്ത ടൈഗര്‍ ഷ്‌റോഫിനെ സംഘം ലക്ഷ്യമിട്ടത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് നടന്‍ എല്ലാ ഞായറാഴ്ചയും മുംബൈയിലെ ജുഹുവിലെ ഫുട്‌ബോള്‍ ഗ്രൗണ്ടിലെത്താറുണ്ടെന്ന് സംഘം മനസിലാക്കിയത്.

അതേസമയം, ടൈഗർ ഷ്റോഫിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. മുഖ്യ പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയ രണ്ട് വനിതകളടക്കം നാല് പേരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയത്. രാധ, ബബിത എന്നിവരെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും കുനാൽ, സുമിത് എന്നിവരെ ഹരിയാനയിലെ സോനിപത്തിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ മുംബൈ പൊലീസിന് കൈമാറി. അറസ്റ്റിലായ സ്ത്രീകള്‍ ലോറൻസ് ബിഷ്‌ണോയി സംഘത്തിനുവേണ്ടി ആയുധങ്ങൾ കൈമാറ്റം ചെയ്യാൻ നിയോഗിക്കപ്പെട്ടിരുന്നു എന്നാണ് വിവരം.

എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷൻ വഴി നിർദേശങ്ങൾ നൽകി ഇവരുടെ നീക്കങ്ങൾ ഏകോപിപ്പിച്ചത് അനിൽ പണ്ഡിറ്റ് ആണെന്ന് പൊലീസ് അറിയിച്ചു. സ്പെഷ്യൽ സെൽ പുറത്തിറക്കിയ പ്രസ്താവന പ്രകാരം അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയ കുനാലിനെ ഹരിയാനയിലുള്ള ഒരു സുഹൃത്താണ് അനിൽ പണ്ഡിറ്റിന് പരിചയപ്പെടുത്തിയത്. തുടർന്ന് ഇരുവരും എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷൻ വഴി ആശയവിനിമയം നടത്തിവരികയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

നടനെ ആക്രമിച്ച മൂന്ന് ഹരിയാന സ്വദേശികളെ നേരത്തെ പൊലീസ് രാജസ്ഥാനിലെ കോട്ടയിൽ നിന്ന് പിടികൂടിയിരുന്നു. ഹരിയാനയിലെ സോണിപത്തിലെ ഈദ്ഗായില്‍ താമസിക്കുന്ന റഹീസുദ്ദീന്റെ മകന്‍ 18 വയസുള്ള റെഹാന്‍ എന്ന സുക്ക, ബിഹാറിലെ ബെഗുസാരായിയിലെ പിപ്രാഹിയില്‍ താമസിക്കുന്ന രാമു മഹ്‌തോയുടെ മകന്‍ ഹൃതിക് കുര്‍മി എന്ന റോഷന്‍ ഫൈറ്റര്‍ (22), രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള 18 വയസ്സുള്ള ഫൂല്‍ സിംഗ് എന്നിവരെ ഡല്‍ഹിയിലേക്കുള്ള ട്രെയിനില്‍ കയറുന്നതിനിടെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. 1998ൽ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതാണ് ബിഷ്‌ണോയ്‌ സംഘത്തിന് നടൻ സൽമാൻ ഖാനുമായുള്ള ശത്രുതയ്ക്ക് കാരണം. ബിഷ്‌ണോയ് സമുദായം കൃഷ്ണമൃഗങ്ങളെ ആരാധിക്കുന്നതിനാൽ സൽമാനെ വധിക്കുമെന്നാണ് ഇവരുടെ ഭീഷണി.

SCROLL FOR NEXT