NATIONAL

ഡല്‍ഹി സ്‌ഫോടനം: രണ്ട് വര്‍ഷം മുമ്പ് മുതല്‍ ഭീകരവാദികള്‍ രാജ്യത്ത് പലയിടങ്ങളിലും സ്‌ഫോടനത്തിന് പദ്ധതിയിട്ടു; റിപ്പോര്‍ട്ട്

ഈ രണ്ട് വര്‍ഷത്തിനിടെ സ്‌ഫോടക വസ്തുക്കൾ ശേഖരിക്കുകയായിരുന്നുവെന്നും ഡോ. മുസമ്മില്‍ ഷക്കീല്‍ വെളിപ്പെടുത്തിയി റിപ്പോര്‍ട്ട്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ രാജ്യത്ത് പലയിടത്തും സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി മുസമ്മില്‍ ഷക്കീല്‍ ആണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് വര്‍ഷം മുമ്പ് തന്നെ സ്‌ഫോടനത്തിനായി പദ്ധതി തയ്യാറാക്കിയിരുന്നതായും ഈ രണ്ട് വര്‍ഷത്തിനിടയില്‍ സ്‌ഫോടക വസ്തുക്കളും റിമോര്‍ട്ടുകളും ബോംബ് നിര്‍മാണ വസ്തുക്കളും ശേഖരിക്കുകയായിരുന്നുവെന്നും ഡോ. മുസമ്മില്‍ ഷക്കീല്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

യൂറിയ, അമോണിയം നൈട്രേറ്റ്, മറ്റു സ്‌ഫോടക വസ്തുക്കള്‍ എന്നിവ പുറത്തുനിന്നും മറ്റും ശേഖരിച്ചിരുന്നതായാണ് വിവരം. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും നൂഹില്‍ നിന്നും മൂന്ന് ലക്ഷം രൂപയ്ക്ക് 26 ക്വിന്റല്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസിയം എന്നീ മിശ്രിതങ്ങള്‍ അടങ്ങിയ എന്‍പികെ ഫെര്‍ട്ടിലൈസര്‍ വാങ്ങിച്ചു. നൂഹില്‍ നിന്ന് മറ്റു സ്‌ഫോടക വസ്തുക്കളും വാങ്ങിയെന്നും ഫരീദാബാദിലെ വിവിധ മാര്‍ക്കറ്റുകളില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയതായും റിപ്പോര്‍ട്ട് ചെയ്യുന്നു.

രാസവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഡീപ് ഫ്രീസര്‍ വാങ്ങിയിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഉമറിനായിരുന്നു ഫെര്‍ട്ടിലൈസര്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം എന്നും അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നു. യൂറിയ പൊടിച്ച് രാസവസ്തുക്കള്‍ നിര്‍മിക്കുന്നതിന് മുസമ്മില്‍ ഉപയോഗിച്ച ഫ്‌ളവര്‍ മില്ലും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

SCROLL FOR NEXT