NATIONAL

'രാജ്യതലസ്ഥാനത്തെ പിടിമുറുക്കി ശ്വാസകോശ രോഗങ്ങൾ'; 2024 ൽ മരിച്ചത് 9,000 ത്തിലധികം പേർ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: 2024 ൽ തലസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം 9,000 ത്തിലധികം പേർ മരിച്ചെന്ന് റിപ്പോർട്ട്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024 ൽ ദേശീയ തലസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം 9,211 പേർ മരിച്ചെന്നാണ് വ്യക്തമാക്കുന്നത്. 2023 ൽ ഇത് 8,801 ആയിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൊത്തത്തിലുള്ള മരണനിരക്കിലും വർധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

2024-ൽ ഡൽഹിയിലെ ആകെ മരണം 1,39,480 ആയി ഉയർന്നു. മുൻ വർഷം ഇത് 1,32,391 ആയിരുന്നു. ഇതിൽ 85,391 പുരുഷന്മാരും 54,051 സ്ത്രീകളും 38 എണ്ണം മറ്റുള്ളവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഇതിൽ 90,883 മരണങ്ങൾ മെഡിക്കൽ സാക്ഷ്യപ്പെടുത്തിയവയാണ്. അതേസമയം, തലസ്ഥാനം ശിശുമരണ നിരക്കിൽ നേരിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 1000 ജനനങ്ങൾക്ക് 22.4 എന്ന് നിരക്കാണ് രേഖപ്പെടുത്തിയത്. 2023 ൽ ഇത് 23.61 ആയിരുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം 21,262 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ശ്വാസംമുട്ടൽ, പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവ കാരണം മരിച്ചതും ഇതിലുൾപ്പെടുന്നു. 2023 ൽ ഇത് 15,714 ആയിരുന്നു. മരണത്തിൻ്റെ രണ്ടാമത്തെ കാരണം പകർച്ചവ്യാധികളാണെന്നും റിപ്പോർട്ടുണ്ട്. ഇതുകാരണം 16,060പേരാണ് മരണത്തിന് കീഴടങ്ങിയത്. 2024 ൽ നഗരത്തിൽ ആകെ 3,06,459 ജനനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് മുൻ വർഷത്തേക്കാൾ 8,628 കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

SCROLL FOR NEXT