ജമ്മു കശ്മീർ: ഇന്ത്യന കരസേനാമേധാവിയുടെ മുന്നറിയിപ്പ് അവഗണിച്ച് ജമ്മു കശ്മീരിൽ സംശയാസ്പദമായ പാക് ഡ്രോണുകൾ കണ്ടെത്തി. ഈ ആഴ്ച ഇത് മൂന്നാമത്തെ തവണയാണ് പാക് ഡ്രോണുകൾ നിയന്ത്രണരേഖ മറികടന്ന് എത്തുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
അതേസമയം, കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ ഡ്രോൺ കടന്നുകയറ്റം നടന്നതായി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് പ്രദേശത്ത് അധികൃതർ അതീവ ജാഗ്രത പാലിക്കുകയും പ്രതിരോധ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പൂഞ്ചിലെ ദേഗ്‌വാർ ഗ്രാമത്തിന് മുകളിൽ വൈകുന്നേരം 7:30 ഓടെ പത്ത് മിനിറ്റ് നേരത്തേക്ക് ഡ്രോൺ പോലുള്ള ഒരു വസ്തു കണ്ടെത്തി. അതിനെ നിർവീര്യമാക്കാൻ ഇന്ത്യൻ സൈന്യം ഏതാനും റൗണ്ട് വെടിയുതിർത്തു. സുരക്ഷാ സേന അതീവ ജാഗ്രത പാലിക്കുന്നുണ്ട്, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്.
ജമ്മു കശ്മീരിൽ കണ്ടെത്തിയ ഏറ്റവും പുതിയ ഡ്രോണുകളുടെ നീക്കങ്ങളെക്കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചുവെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഡ്രോണുകൾ നിയന്ത്രിക്കാൻ പാകിസ്ഥാനോട് പറഞ്ഞിട്ടുണ്ട്. സൈന്യം പൂർണമായും ജാഗ്രത പാലിക്കുകയും, ഇനി ഉണ്ടാകാൻ പോകുന്ന ഏത് അനിഷ്ട സംഭവങ്ങളെയും നേരിടാൻ തയ്യാറാണെന്നും കരസേനാ മേധാവി വ്യക്തമാക്കി. ഇന്ത്യൻ പ്രവർത്തനങ്ങൾ പരിശോധിക്കാൻ വിന്യസിച്ചിരിക്കുന്ന ചെറിയ ഡ്രോണുകളാണിവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.