പട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആർജെഡി വിട്ട് ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ. കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് രോഹിണി എക്‌സില്‍ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.
തേജസ്വിയുടെ ഉപദേശകനായ സഞ്ജയ് യാദവും റമീസുമാണ് തന്നോട് ഇങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടത്. കുറ്റമെല്ലാം താന്‍ ഏറ്റെടുക്കുന്നുവെന്നും രോഹിണി കുറിച്ചു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണ് തീരുമാനത്തിന് പിന്നിലെന്ന സൂചനയാണ് പുറത്തുവരുന്നത്.
മഹാസഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയായിരുന്ന ആർജെഡി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 75 സീറ്റുകളിൽ നിന്ന് 25 ആയി കുറഞ്ഞു. 2010ന് ശേഷമുള്ള അവരുടെ ഏറ്റവും ദയനീയമായ തോൽവിയാണിത്. 2020 നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റ കക്ഷി ആയിരുന്നു ആർജെഡി.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ രാഘോപൂരിൽ പല തവണ പിന്നിലായിട്ടും ഒടുവിൽ തിരിച്ചുവരവ് നടത്തിയാണ് തേജസ്വി സീറ്റ് നേടിയത്. 14,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആർജെഡി നേതാവ് ജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി സതീഷ് കുമാറിനെ 14,532 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തേജസ്വി പരാജയപ്പെടുത്തിയത്. 1,18,597 വോട്ടുകളാണ് തേജസ്വി ആകെ നേടിയത്.