അനില്‍ അംബാനി Source: ANI
NATIONAL

17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്: അനിൽ അംബാനി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം അനിലിന്റെ മൊഴി രേഖപ്പെടുത്തും

Author : ന്യൂസ് ഡെസ്ക്

മുംബൈ: വായ്പാ തട്ടിപ്പ് കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി ഇന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകും. 17,000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ. ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. അനിൽ അംബാനി ഇന്ത്യ വിടുന്നത് വിലക്കി ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

റിലയൻസ് ഗ്രൂപ്പിലെ സീനിയർ എക്സിക്യൂട്ടീവുകളായ അമിതാബ് ജുൻജുൻവാല, സതീഷ് സേത്ത് എന്നിവർ അടക്കം ആറ് പേർക്ക് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. അതിനിടെ റിലയൻസ് ഗ്രൂപ്പിന് വായ്പകള്‍ അനുവദിച്ച വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം അനിലിന്റെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.

റിലയൻസ് ഹൗസിങ് ഫിനാൻസ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് എന്നിവയ്ക്ക് അനുവദിച്ച വായ്പകളെ കുറിച്ചുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ട് 12-13 പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾക്ക് ഇഡി കത്തയച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യുസിഒ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

നേരത്തെ, അനില്‍ അംബാനിയുടെ ഓഫീസുകളില്‍ ഇഡി റെയ്ഡ് നടന്നിരുന്നു.ജൂലൈ 24ന് ആരംഭിച്ച റെയ്ഡ് മൂന്ന് ദിവസം കൊണ്ടാണ് പൂർത്തിയായത്. 59 കമ്പനികളുടെയും 25 വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള മുംബൈയിലെ 35ല്‍ അധികം സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ഇതില്‍ അനില്‍ അംബാനി ഗ്രൂപ്പിലുള്‍പ്പെട്ട കമ്പനികളിലെ എക്സിക്യൂട്ടീവുകളുടെ ആസ്തികളും ഉള്‍പ്പെട്ടിരുന്നു.

2017-2019 കാലയളവിൽ അംബാനിയുടെ ഉടമസ്ഥയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഹോം ലോണ്‍ ലിമിറ്റഡ് എന്നീ കമ്പനികൾക്ക് യെസ് ബാങ്ക് നൽകിയ ഏകദേശം 3,000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പ വകമാറ്റൽ സംബന്ധിച്ച ആരോപണങ്ങളിലായിരുന്നു ഇഡി പരിശോധന. ക്രെഡിറ്റ് നയം ലംഘിച്ച് യെസ് ബാങ്ക് റിലയന്‍സ് ഗ്രൂപ്പിലെ കമ്പനികളെ വഴിവിട്ട് സഹായിച്ചുവെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തല്‍‌.

റിലയൻസ് മ്യൂച്വൽ ഫണ്ട് എടി-1 ബോണ്ടുകളിൽ നടത്തിയ 2,850 കോടിയുടെ നിക്ഷേപവും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും കാനറ ബാങ്കും തമ്മിലുള്ള 1,050 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പ 'തട്ടിപ്പും' എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലാണ്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെട്ട ഏകദേശം 10,000 കോടിയു രൂപയുടെ വായ്പാ ഫണ്ട് വകമാറ്റവും ഏജൻസിയുടെ നിരീക്ഷണത്തിലാണ്.

SCROLL FOR NEXT