NATIONAL

ബിജെപിയെ കാണുന്ന കണ്ണിലൂടെ നോക്കിയാൽ ആർഎസ്എസിനെ മനസിലാകില്ല: മോഹൻ ഭഗവത്

യൂണിഫോം ധരിച്ച്, മാർച്ച് ചെയ്യുന്നത് കൊണ്ട് ആർഎസ്എസ് ഒരു അർധസൈനിക സംഘടനയാണെന്ന് കരുതേണ്ടെന്നും മോഹൻ ഭഗവത്

Author : പ്രണീത എന്‍.ഇ

ഭോപ്പാൽ: ബിജെപിയിലേക്ക് നോക്കിയാൽ ആർഎസ്എസിനെ മനസിലാക്കാൻ കഴിയില്ലെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്. ആർ‌എസ്‌എസ് ഒരു സവിശേഷ സംഘടനയാണെന്നും ഒന്നിനോടുമുള്ള എതിർപ്പുമായി പിറന്നതല്ലെന്നും മോഹൻ ഭഗവത് പറഞ്ഞു.

ആർഎസ്എസ് ശതാബ്ദിയോടനുബന്ധിച്ച് ഭോപ്പാലിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കവെയാണ് മോഹൻ ഭഗവതിൻ്റെ പ്രസ്താവന. ആർ‌എസ്‌എസ് ഒരു അർദ്ധസൈനിക സംഘടനയല്ലെന്നും ബിജെപിയെ കാണുന്ന കണ്ണിലൂടെ അതിനെ കാണുന്നത് തെറ്റാണെന്നും മോഹൻ ഭഗവത് പറഞ്ഞു.

"ബിജെപിയെ നോക്കി ആർഎസ്എസിനെ മനസ്സിലാക്കാൻ ശ്രമിച്ചാൽ അത് വലിയൊരു തെറ്റായിരിക്കും. വിദ്യാഭാരതിയെ (ആർഎസ്എസ് അനുബന്ധ സംഘടന) നോക്കി മനസ്സിലാക്കാൻ ശ്രമിച്ചാലും അതേ തെറ്റ് സംഭവിക്കും," മോഹൻ ഭഗവത് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ വീണ്ടും വിദേശ ആധിപത്യത്തിന് കീഴിലാകാതിരിക്കാനും, സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരാനും, മൂല്യങ്ങളും അച്ചടക്കവും വളർത്തിയെടുക്കാനുമാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. "ഞങ്ങൾ യൂണിഫോം ധരിക്കുന്നു, മാർച്ച് നടത്തുന്നു, വ്യായാമങ്ങൾ ചെയ്യുന്നു. പക്ഷേ, ആർഎസ്എസ് ഒരു അർധസൈനിക സംഘടനയാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, അത് തെറ്റാണ്," മോഹൻ ഭഗവത് പറഞ്ഞു.

ഇത്തരം തെറ്റിദ്ധാരണകൾ കാരണം, ആർ‌എസ്‌എസിന്റെ പങ്കും ലക്ഷ്യവും വിശദീകരിക്കേണ്ടത് സുപ്രധാനമായി. ഇന്ന് ആളുകൾ ശരിയായ വിവരങ്ങൾ ശേഖരിക്കാൻ നേരെ പോകുന്നത് വിക്കിപീഡിയയിലേക്ക് ആണ്. അവിടെ പറയുന്നതെല്ലാം സത്യമല്ല. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് ഉത്തരം തേടുന്നവർക്ക് ആർഎസ്എസിനെക്കുറിച്ച് മനസിലാക്കാൻ കഴിയുമെന്നും മോഹൻ ഭഗവത് പറഞ്ഞു.

SCROLL FOR NEXT