ഭരണഘടന ആമുഖം, ദത്താത്രേയ ഹൊസബലെ Source: Dattatreya Hosabale/ ANI
NATIONAL

സോഷ്യലിസ്റ്റ്, സെകുലര്‍ എന്നീ പദങ്ങള്‍ ഇനിയും ഭരണഘടനയുടെ ആമുഖത്തില്‍ ആവശ്യമുണ്ടോ എന്ന് പരിശോധിക്കണം: RSS ജനറല്‍ സെക്രട്ടറി

"ബാബാ സാഹേബ് അംബേദ്കറുടെ പേരിലുള്ള ഒരു കെട്ടിടത്തിന്റെ ഹാളിലിരുന്നാണ് ഞാന്‍ ഇത് സംസാരിക്കുന്നത്. അദ്ദേഹം ഉണ്ടാക്കിയ ഭരണഘടനയില്‍ ആ പദങ്ങള്‍ ഇല്ലായിരുന്നു"

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നല്‍കിയിരിക്കുന്ന സോഷ്യലിസ്റ്റ്, സെകുലര്‍ എന്നീ പദങ്ങള്‍ ഇനിയും ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലെ ഒരു കൂട്ടായ്മയിലാണ് ഹൊസബലെയുടെ പ്രസ്താവന.

'ആമുഖത്തിലെ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ പിന്നെ കൂട്ടിച്ചേര്‍ത്തതാണ്. അത് പിന്നീട് ഒഴിവാക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ അവ നിലനിര്‍ത്തേണ്ടതുണ്ടോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്,' ദത്താത്രേയ ഹൊസബലെ പറഞ്ഞു.

ബാബാ സാഹേബ് അംബേദ്കറുടെ പേരിലുള്ള ഒരു കെട്ടിടത്തിന്റെ ഹാളിലിരുന്നാണ് താന്‍ ഇത് സംസാരിക്കുന്നത്. അദ്ദേഹം ഉണ്ടാക്കിയ ഭരണഘടനയില്‍ ആ പദങ്ങള്‍ ഇല്ലായിരുന്നുവെന്നും ഹൊസബലെ കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥ നടപ്പാക്കിയതില്‍ കോണ്‍ഗ്രസ് മാപ്പ് പറയേണ്ടതുണ്ടെന്നും ഹൊസബലെ കൂട്ടിച്ചേര്‍ത്തു.

'അടിയന്തരാവസ്ഥ നടപ്പാക്കിയവര്‍ തന്നെ ഇന്ത്യയുടെ ഭരണഘടനയും കൈയ്യില്‍ പിടിച്ച് നടക്കുകയാണ്. അവര്‍ ഇതുവരെയും അടിയന്തരാവസ്ഥ നടപ്പാക്കിയതിന് മാപ്പ് പറഞ്ഞിട്ടില്ല. അവര്‍ ഉറപ്പായും മാപ്പ് പറയണം. നിങ്ങളുടെ പിതാമഹന്മാരാണ് ചെയ്തതെങ്കിലും നിങ്ങള്‍ മാപ്പ് പറയണം,' ഹൊസബലെ പറഞ്ഞു.

അടിയന്തരാവസ്ഥയുടെ 50-ാം വര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് ദത്താത്രേയ സംസാരിച്ചത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയായിരുന്നു മുഖ്യാതിഥി, മാധ്യമപ്രവര്‍ത്തകന്‍ രാം ബഹദൂര്‍ റായ്, മുന്‍ ബിജെപി നേതാവ് കെഎന്‍ ഗോവിന്ദാചാര്യ എന്നിവരും പാനലില്‍ ഉണ്ടായിരുന്നു. ചര്‍ച്ചയെ നയിച്ചിരുന്നത് ജയപ്രകാശ് നാരായണന്‍ ആയിരുന്നു.

SCROLL FOR NEXT