ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രധാനമന്ത്രിയേയും കേന്ദ്രധനമന്ത്രിയേയും ഉപയോഗിച്ച് തട്ടിപ്പ്. ഇരുവരും ട്രേഡിങ് പ്ലാറ്റ്‌ഫോമിനെ പിന്തുണയ്ക്ക് വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. എഐ വീഡിയോ എന്ന് തെളിഞ്ഞിട്ടും ഇനിയും വീഡിയോ പ്രചരിക്കുന്നത് തടയാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല.
മെയ് 13ന് ധനമന്ത്രിയുടേതെന്ന് പറയപ്പെടുന്ന വീഡിയോ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. ജനങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന നിക്ഷേപ പദ്ധതി പ്രഖ്യാപിക്കുന്ന വീഡിയോ ആയിരുന്നു അത്. രണ്ട് മിനിട്ട് 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രത്യേക കഴിവുകളോ അധ്വാനമോ ഇല്ലാതെ എളുപ്പത്തിൽ പണം ഉണ്ടാക്കുന്ന പദ്ധതിയാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. പ്രതിദിനം ഇങ്ങനെ 60,000 രൂപ വരെ ഉണ്ടാക്കാൻ കഴിയുമെന്ന് വീഡിയോയിൽ പറയുന്നു. 21,000 രൂപ മുതൽ നിക്ഷേപിച്ച് രജിസ്റ്റർ ചെയ്തതിനു ശേഷം തുടങ്ങാം. ആദ്യ മാസം 15 ലക്ഷം രൂപ വരെ ഇങ്ങനെ സമ്പാദിക്കാം.
ഇതിനു മുമ്പും ഇത്തരത്തിൽ ധനമന്ത്രിയുടെ പേരിൽ വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നു. മെയിൽ പുറത്തുവന്ന വീഡിയോയുടെ ആധികാരികത വാർത്ത ഏജൻസിയായ പിടിഐ പരിശോധിച്ച് വ്യാജമാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇപ്പോഴും ഇത് പ്രചരിക്കുകയാണ്. ഇതിനോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ പേരിലും വ്യാജ വീഡിയോ ഇറങ്ങിയിട്ടുണ്ട്. ധനമന്ത്രിയുടെ നിക്ഷേപ പദ്ധതിയുടെ നേട്ടങ്ങൾ എണ്ണി എണ്ണി പറയുന്ന വീഡിയോ ആണ് അത്. ചെറിയ തുക നിക്ഷേപിച്ച് വലിയ ലാഭങ്ങൾ ഉണ്ടാക്കാമെന്ന് വീഡിയോയിൽ മോദി പറയുന്നു.
രണ്ട് വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേർ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് കമൻ്റുകളും ഇടുന്നുണ്ട്. എന്നാൽ വൈറൽ വീഡിയോ വാർത്താ ഏജൻസിയായ പിടിഐ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തി. വീഡിയോകൾ എഐ ടൂൾ ഉപയോഗിച്ച് നിർമിച്ചതാണെന്ന് തെളിഞ്ഞു. എന്നിട്ടും ദൃശ്യങ്ങൾ ഇപ്പോഴും പ്രചരിക്കുകയാണ്.
ദൃശ്യങ്ങളിൽ പറയുന്നത് പോലൊരു പ്രഖ്യാപനം പ്രധാനമന്ത്രിയും ധനമന്ത്രിയും നടത്തിയിട്ടില്ല. നിരവധി പേര് ഷെയർ ചെയ്ത വീഡിയോ ഇതിനോടകം ഒട്ടനേകം ആളുകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. എന്നിട്ടും കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്നും തട്ടിപ്പിനെ പ്രതിരോധിക്കാൻ ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.