സുനിൽ അംബേകർ Source: Facebook
NATIONAL

അക്ബറിൻ്റേയും ടിപ്പുവിൻ്റേയും പേരുകൾക്കൊപ്പം മഹാൻ എന്നു ചേർക്കില്ല; വിവാദ പ്രസ്താവനയുമായി ആർഎസ്എസ് നേതാവ്

പ്രസ്താവനയെ എതിർത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി

Author : ന്യൂസ് ഡെസ്ക്

എൻസിഇആർടി ചരിത്ര പാഠപുസ്തകങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുമെന്ന ആർഎസ്എസ് നേതാവ് സുനിൽ അംബേകറുടെ പ്രസ്താവന വിവാദത്തിൽ. അക്ബറിൻ്റെയും ടിപ്പുസുൽത്താൻ്റെയും പേരുകൾക്ക് മുന്നിൽ മഹാനായ എന്ന വിശേഷണം ഇനി ചേർക്കില്ല. അടുത്ത വർഷം 9, 10, 12 ക്ലാസുകളിൽ കൂടുതൽ മാറ്റം വരുത്തുമെന്നുമുള്ള ഇയാളുടെ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവനയെ എതിർത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

ഓറഞ്ച് സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിലെ സംവാദത്തിലാണ് ആർഎസ്എസ് നേതാവ് സുനിൽ അംബേകർ എൻസിഇആർടി സിലബസ് തിരുത്തലുകളെ ന്യായീകരിച്ചത്. എൻസിഇആർടി ചരിത്ര പാഠപുസ്തകങ്ങളിൽ മഹാനായ അക്ബർ, മഹാനായ ടിപ്പു സുൽത്താൻ എന്ന് ചേർക്കില്ലെന്നായിരുന്നു സുനിൽ അംബേകറുടെ പരാമർശം.

'ഇവരുടെ ഭരണകാലത്ത് നടത്തിയ ക്രൂരകൃത്യങ്ങൾ കൂടി വിദ്യാർഥികൾ അറിയണം'.അടുത്ത വർഷത്തെ 9, 10, 12 സിലബസിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.

മഹാൻ വിശേഷണം ഒഴിവാക്കിയതിനെ സ്വാഗതം ചെയ്ത അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ടിപ്പുവിനെ മർദിച്ച് കടലിൽ എറിയേണ്ടയാളാണെന്നും അഭിപ്രായപ്പെട്ടു. പ്രസ്താവനയെ എതിർത്ത് രംഗത്തെത്തിയ കോൺഗ്രസ് ഇടുങ്ങിയ ചിന്തയുടെ ഭാഗമാണ് ഇത്തരം നീക്കമെന്ന് പ്രതികരിച്ചു. എൻസിഇആർടി സിലബസ് പരിഷ്കരണം തീരുമാനിക്കുന്നത് ആർഎസ്എസ് നേതാവാണോ എന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു.

രാജ്യം ഭരിച്ചവരുടെ സംഭാവനകളെ അപമാനിക്കുന്ന ബിജെപിയുടെ ശ്രമം തുടരുകയാണ്. അവസാന മുഗൾ ചക്രവർത്തിയെ വധിച്ച് മക്കളുടെ തല തളികയിൽ വെച്ച് അപമാനിച്ചവരാണ് ബ്രിട്ടീഷുകാരെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഭരണാധികാരികളെ വില്ലന്മാരായി ചിത്രീകരിക്കുകയാണ് ബിജെപിയെന്നും കോൺഗ്രസ് നേതാക്കളായ - ഇമ്രാൻ മസൂദ് എംപിയും ഹരീഷ് റാവത്തും വിമർശിച്ചു.

SCROLL FOR NEXT