NATIONAL

"ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു"; എണ്ണ ടാങ്കര്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ എസ്. ജയശങ്കര്‍

യുദ്ധം തുടങ്ങിയ ശേഷം ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലെത്തിയ ആദ്യ എണ്ണ ടാങ്കറാണിത്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ മൂന്ന് തവണ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചെന്ന് എസ്. ജയശങ്കര്‍. ഇന്ത്യയിലേക്ക് എണ്ണ ടാങ്കർ എത്തിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എസ്. ജയങ്കര്‍ ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയത്. ഇറാനെതിരായ യുഎസ് ഇസ്രയേല്‍ ആക്രമണത്തിന്റെ ഫലമായി ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടായ സമ്മര്‍ദവും, സുരക്ഷിതമായ കപ്പല്‍ ഗതാഗത്തെ കുറിച്ചുമാണ് അവസാനം സംസാരിച്ചതെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.

നേരത്തെ സൗദി അറേബ്യയില്‍ നിന്നുമുള്ള ലൈബീരിയയുടെ കൊടിയുള്ള ക്രൂഡ് ഓയില്‍ ടാങ്കര്‍ മുംബൈ തീരത്തിെത്തിയിരുന്നു. യുദ്ധം തുടങ്ങിയ ശേഷം ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലെത്തിയ ആദ്യ എണ്ണ ടാങ്കറാണിത്.

ഇറാനിലുള്ള ഇന്ത്യന്‍ പൗരര്‍ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിയെന്നും നിരവധി പേരെ ടെഹ്‌റാനില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

'ഇറാനില്‍ 9000ത്തോളം ഇന്ത്യക്കാരുണ്ട്. ഇതില്‍ വിദ്യാര്‍ഥികളും കപ്പലില്‍ പണിയെടുക്കുന്നവരും ബിസിനസുകാരും തീര്‍ഥാടകരുമൊക്കെയുണ്ട്. നമ്മള്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് നിരവധി വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി,' മന്ത്രാലയം പറഞ്ഞു.

മറ്റു ചിലരെ അസര്‍ബൈജാന്‍, അര്‍മേനിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി കടത്താനും ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് അതിര്‍ത്തി കടന്നാല്‍ കൊമേര്‍ഷ്യല്‍ വിമാനങ്ങള്‍ എടുത്ത് ഇന്ത്യയിലേക്ക് എത്താന്‍ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

SCROLL FOR NEXT