NATIONAL

''എ ഫോര്‍ അഖിലേഷ്, ബി ഫോര്‍....'; കുട്ടികളെ പഠിപ്പിച്ച ആല്‍ഫബറ്റ്‌സില്‍ വിവാദം; യുപിയില്‍ എസ്പി നേതാവിനെതിരെ കേസ്

പ്രാദേശിക നേതാവ് കുട്ടികളെക്കൊണ്ട് അക്ഷരമാല ചൊല്ലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Author : ന്യൂസ് ഡെസ്ക്

സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെതിരെ എഫ്‌ഐആര്‍. കുട്ടികള്‍ക്ക് ''രാഷ്ട്രീയവല്‍ക്കരിച്ച ഇംഗ്ലീഷ് അക്ഷരമാല'' പഠിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്. ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കായി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ് പി ആരംഭിച്ച പിഡിഎ പാഠശാലയിലാണ് എ ഫോര്‍ അഖിലേഷ്, ബി ഫോര്‍ ബാബ സാഹേബ്... എം ഫോര്‍ മുലായംസിങ് യാദവ് എന്നിങ്ങനെ കുട്ടികളെ പഠിപ്പിച്ചുവെന്നാണ് പരാതി.

പ്രാദേശിക നേതാവ് കുട്ടികളെക്കൊണ്ട് അക്ഷരമാല ചൊല്ലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പ്രാദേശിക എസ്പി നേതാവ് ഫര്‍ഹദ് ആലം ഗഡയ്‌ക്കെതിരെ കല്ലാര്‍പൂര്‍ ഗുര്‍ജര്‍ ഗ്രാമത്തിലെ താമസക്കാരനായ മെയിന്‍ സിങ് പരാതി നല്‍കിയത്.

എന്നാല്‍ സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ എസ്പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ് രംഗത്തെത്തി. പഠിക്കുന്ന കാര്യങ്ങളിൽ ബ്രിട്ടീഷുകാര്‍ പോലും എതിര്‍ത്തിട്ടില്ലെന്നായിരുന്നു അഖിലേഷിന്‍റെ പ്രതികരണം.

'ബിജെപിയുടെ പഠനത്തിനെതിരായ നിലപാട് ഇതിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ വെളിവായി. ഇനി ബിജെപി എല്ലാ കാലത്തേക്കുമായി മറയും. ഇത് അപലപനീയമാണ്,' എന്നായിരുന്നു അഖിലേഷ് യാദവ് കുറിച്ചത്.

സംഭവത്തില്‍ പ്രതികരിച്ച് ഫര്‍ഹദ് ഗഡ തന്നെ രംഗത്തെത്തിയിരുന്നു. പിഡിഎ പാഠശാല കുട്ടികള്‍ക്ക് എബിസിഡി പറഞ്ഞു കൊടുക്കുന്ന കേന്ദ്രം മാത്രമല്ല, സമാജ് വാദി പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ആളുകളുടെ ഒക്കെ ആശയങ്ങള്‍ കൂടി പകര്‍ന്ന് കൊടുക്കുന്ന കേന്ദ്രമാണതെന്നായിരുന്നു ഗഡയുടെ പ്രതികരണം. ജില്ലയില്‍ പലയിടത്തും പിഡിഎയുടെ നേതൃത്വത്തിലുള്ള ഇത്തരം സ്‌കൂളുകള്‍ ആരംഭിക്കുന്നതിനായി ആലോചിക്കുന്നുണ്ടെന്നും ഗഡ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT