ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള തീവ്രവാദികളുടെ പ്രധാന താവളമായിരുന്നു മുസാഫറാബാദിലെ സയ്യിദ്‌ന ബിലാൽ ക്യാമ്പ് Source: NDTV
NATIONAL

പാക് ഭീകര കേന്ദ്രങ്ങളെ നടുവെ പിളർത്തി ഓപ്പറേഷൻ സിന്ദൂർ; ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തിൻ്റെ കൃത്യത വ്യക്തമാക്കുന്നതാണ് ഹൈ റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ

Author : ന്യൂസ് ഡെസ്ക്

ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന പാകിസ്ഥാൻ ഭീകര ക്യാമ്പുകളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് തകർന്ന ഭീകര കേന്ദ്രങ്ങളുടെ ഹൈ റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്. പാക് അധിനിവേശ കശ്മീരിലെ രണ്ട് പ്രധാന ഭീകര ക്യാമ്പുകൾ ഓപ്പറേഷൻ സിന്ദൂറിൽ തകർന്നടിഞ്ഞു. ഇന്ത്യൻ ആക്രമണത്തിൻ്റെ കൃത്യത ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിൽ ഉപയോഗിച്ച ആയുധങ്ങൾ ഏതാണെന്ന് സായുധ സേന വ്യക്തമാക്കിയിട്ടില്ലെങ്കിലും ഡ്രോണാക്രമണത്തിലാണ് ഭീകര കേന്ദ്രങ്ങൾ തകർന്നതെന്നാണ് റിപ്പോർട്ട്.

കശ്മീരിലെ തങ്ധറിൽ നിന്ന് 36 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന മുസാഫറാബാദിലെ സയ്യിദ്‌ന ബിലാൽ ക്യാമ്പ്, ജമ്മുവിലെ രജൗരിയിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള കോട്‌ലി ഗുൽപൂർ ക്യാമ്പ് എന്നീ രണ്ട് ക്യാമ്പുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മെയ് 7ന് പുലർച്ചെ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിലൂടെയാണ് രണ്ട് ക്യാമ്പുകളും തകർന്നടിഞ്ഞത്.

"കോട്‌ലിയിലെയും മുസഫറാബാദിലെയും ഭീകര ക്യാമ്പുകളിൽ നടത്തിയ ആക്രമണങ്ങളുടെ ഈ ചിത്രങ്ങൾ ഇന്ത്യയുടെ കഴിവും കൃത്യതയും എടുത്തുകാണിക്കുന്നു," കശ്മീർ താഴ്‌വരയിലെ സൈനിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീനഗർ ആസ്ഥാനമായുള്ള 15 കോർപ്സിന്റെ കമാൻഡറായിരുന്ന ലെഫ്റ്റനന്റ് ജനറൽ സതീഷ് ദുവ (റിട്ടയേർഡ്) പറഞ്ഞു.

പതിറ്റാണ്ടുകളായി, ഭീകര ക്യാമ്പുകളുടെ കൃത്യമായ സ്ഥലങ്ങൾ അറിയാമായിരുന്നിട്ടും, ആണവ പശ്ചാത്തലത്തിൽ സ്വയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഇന്ത്യക്ക് ആക്രമണം നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പഹൽഗാം ഭീകരാക്രമണം അതിന് വഴിയൊരുക്കിയെന്നും ലെഫ്റ്റനന്റ് ജനറൽ സതീഷ് ദുവ കൂട്ടിച്ചേർത്തു.

സയ്യിദ്‌ന ബിലാൽ ക്യാമ്പ്

ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള തീവ്രവാദികളുടെ പ്രധാന താവളമായിരുന്നു ഇന്ത്യ ലക്ഷ്യമിട്ട സയ്യിദ്‌ന ബിലാൽ ക്യാമ്പ്. മുഫ്തി അസ്ഗർ ഖാൻ കശ്മീരി, അമീർ ജെഎം, അബ്ദുല്ല ജിഹാദി, ആഷിഖ് നെഗ്രൂ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ജെയ്‌ഷെ ഇഎം ഭീകരർ പതിവായി ക്യാമ്പ് സന്ദർശിച്ചിരുന്നു. പാക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാട്ടിലെ അതിജീവനം, സ്‌ഫോടകവസ്തുക്കൾ, ആയുധങ്ങൾ എന്നിവ കൈകാര്യം ചെയ്യൽ എന്നിവയ്ക്കായി ഭീകരർക്കുള്ള പരിശീലനമായിരുന്നു ഈ ക്യാമ്പിൽ പ്രധാനമായും നടന്നത്. ഡ്രോൺ ആക്രമണത്തിന് മുൻപും ശേഷവുമുള്ള ചിത്രങ്ങളിൽ ഭീകര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചിരുന്ന കെട്ടിടമടക്കം തകർന്നതായി കാണാം.

ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള തീവ്രവാദികളുടെ പ്രധാന താവളമായിരുന്നു ഇന്ത്യ ലക്ഷ്യമിട്ട സയ്യിദ്‌ന ബിലാൽ ക്യാമ്പ്

സൈനിക വൃത്തങ്ങളുടെ റിപ്പോർട്ടനുസരിച്ച്, 2023 ജൂണിൽ സെയ്ദ്‌ന ബിലാൽ ക്യാമ്പിലേക്ക് പ്രത്യേക പരിശീലനത്തിനായി നിരവധി ഭീകരരെ അയച്ചിരുന്നു. കതുവയ്ക്കും റംബാനും ഇടയിലുള്ള റെയിൽവേ പാലം ലക്ഷ്യമിട്ട് ഉറി, കേരൻ സെക്ടറുകളിലെ നിയന്ത്രണ രേഖയ്ക്ക് കുറുകെ ഇവരെ വിന്യസിക്കാനായിരുന്നു ഭീകരരുടെ ലക്ഷ്യം. ക്യാമ്പിലെ പരിശീലനത്തിന് ശേഷം ഈ തീവ്രവാദികളെ പാകിസ്ഥാനിലെ പഞ്ചാബിലെ സ്റ്റേജിംഗ് ക്യാമ്പുകളിലേക്കും ലോഞ്ച് പാഡുകളിലേക്കും കൊണ്ടുപോയി. അവിടെ അവർക്ക് പ്രത്യേക ആശയവിനിമയ പരിശീലനവും നൽകി.

തുടർന്ന് നാല് മുതൽ എട്ട് വരെ ആളുകളുള്ള ഗ്രൂപ്പുകളായി തിരിഞ്ഞ് തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം ആരംഭിച്ചു. 2024 മാർച്ച് മുതൽ മെയ് വരെ ഇത്തരത്തിൽ നിരവധി ഭീകരരാണ് അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. കഴിഞ്ഞ വർഷം ജമ്മുവിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഭൂരിഭാഗവും നടത്തിയത് ഈ സംഘത്തിലുള്ളവരാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഈ ക്യാമ്പുകൾക്ക് പാകിസ്ഥാൻ ഇന്റലിജൻസ്, പ്രത്യേകിച്ച് ഇന്റർ സർവീസസ് ഇന്റലിജൻസിൻ്റെ (ഐഎസ്ഐ) പിന്തുണയും സംരക്ഷണവുമുണ്ടെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്. ജമ്മു കശ്മീരിലേക്കയക്കുന്ന തീവ്രവാദികൾക്ക് പരിശീലനം, ആയുധങ്ങൾ, സുരക്ഷ എന്നിവയും ഈ ഏജൻസിയാണ് നൽകുന്നത്.

കോട്‌ലി ഗുൽപൂർ ക്യാമ്പ്

കോട്‌ലിയിലെ ഗുൽപൂർ ക്യാമ്പ് തകർന്നടിഞ്ഞ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ രജൗരി പൂഞ്ച് മേഖലയിൽ ആക്രമണങ്ങൾ നടത്തിയ ലഷ്‌കർ ഇ തൊയ്ബ ഭീകര സംഘടനയുടെ ബേസ് ക്യാമ്പെന്ന് കരുതപ്പെടുന്ന കെട്ടിടങ്ങളാണ് ഈ ചിത്രങ്ങളിൽ കാണിക്കുന്നത്.

കോട്‌ലിയിലെ ഗുൽപൂർ ക്യാമ്പിൽ ഒരു ഘടന മധ്യഭാഗത്തായി പിളർന്നു.

സൈനിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഈ ക്യാമ്പ് ഒരു ലഷ്കർ ഇ തൊയ്ബ പരിശീലന കേന്ദ്രമായിരുന്നു. അവിടെ ചാവേർ ബോംബർമാർ ഉൾപ്പെടെ നിരവധി തീവ്രവാദികൾ വിപുലമായ യുദ്ധ പരിശീലനം നേടിയിരുന്നു. 2023ൽ പൂഞ്ചിലും കഴിഞ്ഞ വർഷം തീർഥാടകരുടെ ബസിലും ആക്രമണം നടത്തിയത് ഇവിടെ പരിശീലനം ലഭിച്ച ഭീകരരാണെന്ന് ഇന്ത്യൻ സർക്കാർ വിശ്വസിക്കുന്നു. പാകിസ്ഥാൻ ഭീകര സംഘടനകൾക്ക് ഗറില്ലാ യുദ്ധം, അതിജീവന പരിശീലനം, ആയുധ പരിശീലനം എന്നിവയും നൽകി വന്നിരുന്ന ക്യാമ്പാണ് ഗുൽപൂരിലേത്.

ലഷ്കർ ഇ തൊയ്ബ ഗ്രൂപ്പിന്റെ ബേസ് ക്യാമ്പ്- ആക്രമണത്തിന് മുൻപും ശേഷവും

2019ൽ ഇന്ത്യ നടത്തിയ ബാലകോട്ട് ആക്രമണത്തിന് ശേഷം ക്യാമ്പ് താൽക്കാലികമായി അടച്ചുപൂട്ടി, എന്നാൽ 2020ൽ തീവ്രവാദികൾക്കുള്ള പരിശീലന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി പറയപ്പെടുന്നു.

"ഓപറേഷൻ സിന്ദൂറിനിടെ ഇന്ത്യ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ബഹാവൽപൂരിലെ മുരിദ്കെയിലെയും പാകിസ്ഥാൻ വ്യോമതാവളങ്ങളിലെയും ആക്രമണങ്ങളിലായിരുന്നു. എന്നിരുന്നാലും, പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളിൽ നടത്തിയ ആക്രമണങ്ങളും ഒരുപോലെ പ്രധാനമാണ്," ഇന്ത്യയുടെ വടക്കൻ കരസേന കമാൻഡറായിരുന്ന റിട്ടയേഡ് ലെഫ്റ്റനന്റ് ജനറൽ ഡിഎസ് ഹൂഡ പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയത്. പാകിസ്ഥാനിലെ ഒമ്പതോളം ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്നാണ് ഇന്ത്യൻ സൈന്യം അറിയിച്ചത്.

ഭീകരാക്രമണം ഉണ്ടായി 14ാം ദിവസമാണ് ഇന്ത്യയുടെ മറുപടി നൽകിയത്. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്നായിരുന്നു സൈന്യം അറിയിച്ചത്.

SCROLL FOR NEXT