ഓപ്പറേഷന്‍ സിന്ദൂറാണ് ഈ ഇന്ത്യൻ ഡ്രോൺ സ്റ്റാർട്ടപ്പിന്റെ മേല്‍വിലാസം; റെക്കോർഡ് ഫണ്ടിങ് നേടി നോയിഡ കമ്പനി

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ഡ്രോണുകള്‍ നിർമിച്ച റാഫെ എംഫിബർ ആണ് ഇപ്പോള്‍ ചർച്ചയാകുന്നത്
റാഫെ എംഫിബർ
റാഫെ എംഫിബർ Source: X/ @ReviewVayu
Published on

ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക് സ്പോണ്‍സേഡ് ഭീകരവാദത്തിന് മാത്രമല്ല മറുപടി നല്‍കിയത്. ഇന്ത്യന്‍ പ്രതിരോധ മേഖല സാങ്കേതികമായി എത്ര വളർച്ച കൈവരിച്ചു എന്നതിന്റെ പ്രസ്താവന കൂടിയായിരുന്നു ഈ ഓപ്പറേഷന്‍. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം യുഎവികളും (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) നവീനവും സുസജ്ജവുമാണെന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞുവെച്ചു.

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ഡ്രോണുകള്‍ നിർമിച്ച റാഫെ എംഫിബർ ആണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ജനറൽ കാറ്റലിസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ബി സീരീസ് ഫണ്ടിങ് റൗണ്ടില്‍ ഈ സ്ഥാപനം സമാഹരിച്ചത് 100 മില്യണ്‍ ഡോളറാണ്. നോയിഡ ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പ് ഇതുവരെ 145 മില്യൺ ഡോളർ (1,200 കോടിയിലധികം രൂപ) സമാഹരിച്ചു കഴിഞ്ഞു. അതായത് ഒരു എയറോസ്പേസ് നിർമാണ സ്റ്റാർട്ടപ്പ് കമ്പനി നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ ധനസമാഹരണം.

റാഫെ എംഫിബർ
ഇന്ധന വിതരണ വിപണി കയ്യടക്കാൻ വ്യവസായ ഭീമന്മാർ; വീണ്ടും കൈകോർത്ത് അംബാനിയും അദാനിയും

ഡ്രോണ്‍ ടെക്നോളജിയില്‍ ചൈനയെ മറികടക്കണമെങ്കില്‍ രാജ്യത്ത് ശക്തമായൊരു ഡിസൈന്‍, ഡെവലെപ്മെന്റ്, മാനുഫാക്ചറിങ് എക്കോസിസ്റ്റം വികസിപ്പിക്കണമെന്നാണ് റാഫെ എംഫിബർ സിഇഒ വിവേക് മിശ്ര പറയുന്നത്. അതിന് ഉദാഹരണമായി തന്റെ തന്നെ ഒരു അനുഭവവും വിവേക് എന്‍ഡിടിവിയോട് പങ്കുവെച്ചു. "ഞങ്ങളുടെ ദീർഘനേരം പ്രവർത്തിക്കുന്ന ഡ്രോണുകളിൽ ഒന്നിന്, ഇന്റേണല്‍ കമ്പസ്റ്റ്യണ്‍ എന്‍ജിന്‍ ആവശ്യമായിരുന്നു. വിപണിയിൽ നിലവിലുള്ളവയെല്ലാം വളരെ ചെലവേറിയതോ വളരെ ഭാരമുള്ളതോ ആയിരുന്നു. അതുമല്ലെങ്കില്‍ നല്ല പ്രകടന (പാരാമീറ്ററുകൾ) പാലിക്കാത്തവ ആയിരിക്കും. അതിനാൽ ഞങ്ങൾ സ്വന്തമായി ഒരു ഇന്റേണല്‍ കമ്പസ്റ്റ്യണ്‍ എന്‍ജിന്‍ രൂപകൽപ്പന ചെയ്ത് നിർമിക്കാൻ തീരുമാനിച്ചു," വിവേക് മിശ്ര പറഞ്ഞു. ഇത് ഇന്ത്യയിലെ ആദ്യ ആന്തരിക ജ്വലന എന്‍ജിനാണെന്നും വിവേക് കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനെതിരെ ആക്രമണം നടത്തിയ ഓപ്പറേഷൻ സിന്ദൂരിലൂടെയാണ് റാഫെ എംഫിബർ എന്ന പേര് വിപണി ശ്രദ്ധിച്ചു തുടങ്ങിയത്. റാഫെ എംഫിബറിന്റെ ഡ്രോണുകളാണ് പാകിസ്ഥാൻ ലക്ഷ്യങ്ങളിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടത്. അതിനുശേഷം, ആഭ്യന്തര കമ്പനികളിൽ നിന്ന് ഇത്തരത്തിലുള്ള കൂടുതൽ സംവിധാനങ്ങൾ സ്വന്തമാക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിന്റെ താൽപ്പര്യത്തിലും വർധനയുണ്ടായി. ഇത് പ്രതിരോധ മേഖലയില്‍ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

റാഫെ എംഫിബർ
ഇന്ധന വിതരണ വിപണി കയ്യടക്കാൻ വ്യവസായ ഭീമന്മാർ; വീണ്ടും കൈകോർത്ത് അംബാനിയും അദാനിയും

നോയിഡ ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പിൽ നിന്ന് നൂറുകണക്കിന് ഡ്രോണുകൾ ഓർഡർ ചെയ്യാൻ ഒരുങ്ങുകയാണ് ഇന്ത്യന്‍ സേന. മതിയായ വിഭവങ്ങളോടെ സേനയ്ക്ക് കൂടുതല്‍ നവീകരിച്ച ഡ്രോണുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റാഫെ എംഫിബർ സിഇഒ. വിദേശത്ത് അവസരങ്ങൾ തേടി രാജ്യം വിടുന്ന ഇന്ത്യൻ എഞ്ചിനീയർമാർ ഡ്രോൺ സാങ്കേതികവിദ്യയുടെ വളർച്ചയില്‍ പ്രതീക്ഷ അർപ്പിച്ച് ഈ മേഖലയിൽ ജോലി ചെയ്യാൻ വൻതോതിൽ തിരിച്ചെത്തുമെന്ന് ശുഭാപ്തിവിശ്വാസവും വിവേക് മിശ്ര പ്രകടിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com