NATIONAL

"റാലിക്കെത്താൻ മനഃപൂർവം വൈകി, റോഡ് ഷോ നിയന്ത്രണങ്ങൾ ലംഘിച്ച്"; കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

പന്ത്രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട്: കരൂർ ദുരന്തത്തിൻ്റെ എഫ്ഐആറിൽ വിജയ്ക്കെതിരെ ഗുരുതര ആരോപണം. റാലിക്കെത്താൻ വിജയ് മനപൂർവം വൈകി. നിയന്ത്രണങ്ങൾ ലംഘിച്ച് റോഡ് ഷോ നടത്തിയെന്നും എഫ്ഐആറിൽ പരാമർശം. വിജയ് കൃത്യസമയത്ത് സ്ഥലത്തേക്ക് എത്തിയില്ല. ടിവികെ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയില്ലെന്നും പൊലീസ് എഫ്​ഐആറിൽ പറയുന്നു.

സംഭവത്തിൽ മൂന്ന് ടിവികെ നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുരക്ഷ സേനക്ക് നിയന്ത്രിക്കാനാവാത്ത വിധം ജനക്കൂട്ടം സ്ഥലത്ത് എത്തി. ടിവികെ നേതാക്കള്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിച്ചു. മൂന്ന് മണി മുതല്‍ 10 മണി വരെയുള്ള സമയത്താണ് പരിപാടിക്ക് അനുമതി നല്‍കിയിരുന്നത്. ശക്തിപ്രകടിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാല് മണിക്കൂര്‍ പരിപാടി വൈകിപ്പിച്ചു. പന്ത്രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

വിജയ് സഞ്ചരിച്ച ബസ് പലതവണ മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത രീതിയിൽ നിർത്തി. അനുമതിയില്ലാതെ റോഡ് ഷോ നടത്തി. ബസുകളുടെ ഇടയ്ക്കിടെയുള്ളതും ആസൂത്രണം ചെയ്യാത്തതുമായ നിർത്തലുകൾ ഗതാഗതത്തെ തടസപ്പെടുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും തിക്കിലും തിരക്കിലും പെട്ട് അപകടങ്ങൾ തടയാനും സ്ഥാപിച്ച പൊലീസ് ബാരിക്കേഡുകൾ ടിവികെ പ്രവർത്തകർ തകർത്തുവെന്നും പൊലീസ് എഫ്ഐആറൽ പറയുന്നു.

അതേസമയം, സംഭവത്തിൽ ഡിഎംകെയ്ക്കെതിരെ അതിരൂക്ഷ ആരോപണങ്ങളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയിൽ ഉന്നയിക്കുന്നത്. ദുരന്തത്തിന് പിന്നില്‍ ഡിഎംകെയെന്നും റാലി അലങ്കോലമാക്കിയത് മുൻമന്ത്രി സെന്തില്‍ ബാലാജിയുടെ നിര്‍ദേശ പ്രകാരമെന്നും ടിവികെ ആരോപിക്കുന്നു. ബാലാജിയുടെ ഗുണ്ടകള്‍ റാലിക്കകത്തേക്ക് നുഴഞ്ഞ് കയറിയെന്നും വൈദ്യുതി തകരാറിലാക്കിയത് മനഃപൂര്‍വമാണെന്നും ഹർജിയിൽ പറയുന്നു. സെന്തില്‍ ബാലാജിയുടെ ഇടപെടല്‍ എല്ലാം മുന്‍കൂട്ടി തയാറാക്കിയ പോലെയെന്നും ടിവികെ ഹർജിയിൽ ആരോപിച്ചു.

എന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജി അടിയന്തരമായി മദ്രാസ് ഹൈക്കോടതി പരിഗണിച്ചില്ല. വെള്ളിയാഴ്ച ഹർജി പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ. ഞായറാഴ്ചയാണ് കരൂരില്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്.

SCROLL FOR NEXT