ധർമസ്ഥല Source: News Malayalam 24x7
NATIONAL

ധർമസ്ഥലയിൽ പൊലീസിൻ്റെ ഗുരുതരവീഴ്ച; അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചെന്ന് വിവരാവകാശ രേഖ

2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

മംഗലാപുരം: കർണാടകയിലെ ധർമസ്ഥലയിൽ പൊലീസിന്‍റെ ഗുരുതരവീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കാലഹരണപ്പെട്ട കേസ് രേഖകൾ നശിപ്പിക്കാവുന്നതാണെന്ന നിയമപ്രകാരമാണ് ഇത് നശിപ്പിച്ചതെന്ന് വിവരാവകാശ രേഖയിൽ മറുപടി ലഭിച്ചത്. 2023 നവംബർ 23-നാണ് ഈ രേഖകൾ നശിപ്പിച്ചത് എന്നും രേഖയിൽ പറയുന്നു. ബെൽത്തങ്കടി പൊലീസ് സ്റ്റേഷനിൽ നിന്നാണ് ആർടിഐ മറുപടി കിട്ടിയത്. 2024 സെപ്റ്റംബറിലാണ് ഈ വിവരം ചോദിച്ച് ആർടിഐ അപേക്ഷ നൽകിയത്.

2002 മുതൽ 2012 വരെയുള്ള കണക്ക് പരിശോധിച്ചാൽ ധർമസ്ഥലയിൽ 485 അസ്വാഭാവിക മരണങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഈ മരണങ്ങളുടെ എഫ്ഐആർ നമ്പറും ഡെത്ത് സർട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകൾ നശിപ്പിച്ചെന്ന് മറുപടി ലഭിച്ചത്.

അതേസമയം, ധർമസ്ഥലയിൽ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിക്കണമെന്ന് ആവശ്യവുമായി അഭിഭാഷകർ രംഗത്തെത്തി. സാക്ഷി ചൂണ്ടിക്കാണിച്ച സ്പോട്ടുകൾ പരിശോധന നടത്താൻ ജിപിആറുകൾ ഉപയോഗിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.

പരമാവധി 15 മീറ്റർ ആഴത്തിലുള്ള വസ്തുക്കളെക്കുറിച്ച് ഏകദേശ സിഗ്നലുകൾ ജിപിആറിൽ ലഭിക്കും. ഉയർന്ന ഫ്രീക്വൻസിയിൽ കൂടുതൽ വ്യക്തതയുള്ള ദൃശ്യം ലഭിക്കുമെന്നും അഭിഭാഷകർ അറിയിച്ചു. എന്നാൽ ഉയർന്ന ഫ്രീക്വൻസിയിൽ പരമാവധി 1 മീറ്റർ ആഴത്തിലേ പരിശോധിക്കാനാകൂ. ധ‍ർമസ്ഥലയിലെ കാട്ടിലെ ദുഷ്കരമായ ഭൂമിയിൽ ജിപിആറുകൾ കാര്യക്ഷമമായേക്കില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

കൂടാതെ ധർമസ്ഥല കൂട്ടക്കൊല വെളിപ്പെടുത്തലിൽ തെരച്ചിൽ ഇന്നും തുടരും. ശേഷിക്കുന്ന മൂന്ന് പോയിൻ്റുകളിൽ മണ്ണ് നീക്കി പരിശോധന നടക്കുന്നത്. കേസിൽ കൂടുതൽ സാക്ഷികളെ ഹാജരാക്കാനാണ് ആക്ഷൻ കൗൺസിൽ അംഗങ്ങളുടെശ്രമിക്കുന്നുണ്ട്.

SCROLL FOR NEXT