കർണാടക: ധര്‍മസ്ഥലയിൽ അഞ്ചാം ദിവസവും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താഴൻ സാധിച്ചില്ല. ഇന്ന് 9,10 പോയിൻ്റുകളിലാണ് പരിശോധന നടന്നത്. 11 മുതലുള്ള പോയിൻ്റുകളിൽ നാളെയാകും തെരച്ചിൽ. സ്നാന ഘട്ടത്തിനും നേത്രാവതി പുഴയ്ക്കും നടുവിൽ റോഡിനോട് ചേർന്നാണ് ഈ പോയിൻ്റുകളുള്ളത്.
പതിനൊന്നു മണിയോടെ സാക്ഷിയുമായി അന്വേഷണ സംഘം ഒൻപതാമത്തെ പോയിൻ്റിലെത്തി. ഉച്ചവരെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പത്താമത്തെ പോയിൻ്റിൽ പരിശോധന തുടങ്ങുന്നതിനിടെ മഴയെത്തി. ഇതോടെ തെരച്ചിൽ താൽക്കാലികമായി നിർത്തി. മഴ മാറി പരിശോധന തുടർന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അസ്ഥിഭാഗങ്ങൾ കണ്ടെത്താൻ ഏറ്റവും കൂടുതൽ സാധ്യത ഒൻപത് മുതൽ 12 വരെയുള്ള പോയിൻ്റുകളിലാണെന്ന് സാക്ഷി ഉറപ്പിച്ചു പറഞ്ഞിരുന്നു. അതിനാൽ പ്രദേശത്തേക്ക് ആളുകൾക്കും മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പരാതി പിൻവലിക്കാൻ സാക്ഷിയെ എസ്.ഐ ടി ഉദ്യോഗസ്ഥനായ മഞ്ജുനാഥ ഗൗഡ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. സമർദം മൂലമാണ് പരാതി നൽകിയെന്ന് സാക്ഷിയെ കൊണ്ട് പറയിച്ച് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തെന്നായിരുന്നു അഭിഭാഷകരുടെ പരാതി.മഞ്ജുനാഥ ഗൗഡയെ ഉടൻ അന്വേഷണസംഘത്തിൽ നിന്ന് മാറ്റണമെന്നാണ് ആക്ഷൻ കമ്മറ്റിയുടെ ആവശ്യം.