ന്യൂഡല്‍ഹി: ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പാര്‍ലമെന്ററി സമിതിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, സതിഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസായ യശ്വന്ത് ശര്‍മയുടെ ഹര്‍ജി തള്ളിയത്.
ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി ലോക്‌സഭാ സ്പീക്കറാണ് മൂന്നംഗ അന്വേഷണ സമിതിയെ നിയമിച്ചത്. 2025 മാര്‍ച്ച് 14ന് ഡല്‍ഹിയിലെ യശ്വന്ത് ശര്‍മയുടെ വീട്ടിലുണ്ടായ തീപിടിത്തത്തിനിടെയാണ് അനധികൃത പണം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് അന്വേഷണത്തിനായി സമിതി രൂപീകരിച്ചത്.
തീ അണയ്ക്കുന്നതിനിടെ അഗ്നിശമന സേനാംഗങ്ങളാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തത്. ഇത് യശ്വന്ത് വര്‍മക്കെതിരായ അഴിമതി ആരോപണങ്ങളിലേക്കും വിരല്‍ ചൂണ്ടിയിരുന്നു.
അതേസമയം, വീട്ടില്‍ നിന്നും പണം കണ്ടെത്തിയെന്ന ആരോപണം തള്ളിയ യശ്വന്ത് വര്‍മ തന്റെ വസതിയില്‍ നിന്ന് പണം കണ്ടെടുത്തില്ലെന്ന നിലപാടിലാണ്. തീപിടിത്തമുണ്ടായപ്പോള്‍ താന്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നെന്നും വസതിയില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്നും യശ്വന്ത് വര്‍മ സമിതിക്ക് എഴുതി നല്‍കിയിരുന്നു.
സുപ്രീം കോടതി ജഡ്ജായ അരവിന്ദ് കുമാര്‍ അധ്യക്ഷനായ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, മുതിര്‍ന്ന അഭിഭാഷകന്‍ ബി.വി. ആചാര്യ എന്നിവര്‍ അടങ്ങുന്ന ബെഞ്ചിനായിരുന്നു യശ്വന്ത് വര്‍മ മറുപടി നല്‍കിയത്. സമാന മറുപടിയാണ് വര്‍മ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിക്കും നല്‍കിയത്.