മുംബൈ:നിരോധിത പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച ബോളീവുഡ് താരങ്ങൾക്ക്, കാരണം കാണിക്കൽ നോട്ടീസ് നൽകി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ബോളീവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ടൈഗർ ഷ്രോഫ്, അജയ് ദേവ്ഗൺ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് നിരോധിച്ച പാൻമസാല ബ്രാൻഡിൻ്റെ പരോക്ഷ പ്രചാരണമാണ് പരസ്യം എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻ മസാല എവിൽപ്പനയ്ക്കും പ്രചാരണത്തിനുമെതിരെ മഹാരഷ്ട്ര എഫ്‌ഡിഎ നടപടികൾ കർശനമാക്കുന്നതിനിടെയാണ് പരസ്യം ഉൾപ്പെടെ നീരീക്ഷണത്തിലായത്. ഇതേ തുടർന്നാണ് താരങ്ങൾക്കെതിരെ നടപടിയെടുത്തത്. പരസ്യത്തിലെ പങ്കാളിത്തത്തെക്കുറിച്ച് വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.
2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരം നിരോധിത ഉത്പന്നത്തിന്റെ പരോക്ഷ പ്രചാരണമായി പരസ്യം കണക്കാക്കാമെന്ന് എഫ്‌ഡിഎ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവ് പ്രകാരം ജൂലൈ 13 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്ത് പരസ്യത്തിലുള്ള ബ്രാൻഡിന്റെ പാൻമസാല ഉത്പാദിപ്പിക്കുന്നതും സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ടെന്നും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.