തിരുവനന്തപുരം: വോട്ടർ പട്ടിക, ജിഎസ്ടി പരിഷ്കരണങ്ങളെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. വോട്ടർ പട്ടിക പരിഷ്കരണം അനിവാര്യമെന്ന് തരൂർ വാർത്ത ഏജൻസിയോട് പറഞ്ഞു. ജിഎസ്ടി പരിഷ്കരണത്തെ സ്വാഗതം ചെയ്യുന്നതായും ശശി തരൂർ എംപി പറഞ്ഞു. പരിഷ്കരണങ്ങളിൽ പ്രതിപക്ഷ എതിർപ്പ് നിലനിൽക്കെയാണ് പിന്തുണയുമായി ശശി തരൂർ എംപി രംഗത്തെത്തുന്നത്.
"വോട്ടർ പട്ടികയിൽ പിഴവുകളുണ്ട്. വോട്ടർ പട്ടിക പരിഷ്കരണം അനിവാര്യമാണ്. ഇത്തരം വിഷയങ്ങൾ സുതാര്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കൈകാര്യം ചെയ്യണം". ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം മെച്ചപ്പെട്ട സംവിധാനമെന്നും ശശി തരൂർ പ്രശംസിച്ചു. കേന്ദ്ര സർക്കാരിൻ്റെ ജിഎസ്ടി പരിഷ്കാരങ്ങളെയും ശശി തരൂർ സ്വാഗതം ചെയ്തു.
ജിഎസ്ടി പരിഷ്കാരങ്ങൾ വളരെ ന്യായമായ ഒന്നാണ്. അവ സാധാരണക്കാർക്ക് ആശ്വാസം നൽകും. ജിഎസ്ടി സ്ലാബുകളിൽ മാറ്റം വരുത്തണമെന്നുള്ളത് കോൺഗ്രസ് പാർട്ടിയുടെ വളരെക്കാലമായുള്ള ആവശ്യമായിരുന്നു. വർഷങ്ങളായികോൺഗ്രസ് നേതാക്കൾ ഇതിനായി ആവശ്യപ്പെട്ടിരുന്നുവെന്നും ശശി തരൂർ പറഞ്ഞു. ഇപ്പോൾ നടത്തിയ പരിഷ്കരണം വളരെ ന്യായമായ ഒന്നാണ്. എല്ലാവർക്കും ഇത് വളരെ മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശശി തരൂർ പറഞ്ഞു.