രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശശി തരൂർ Source: ANI
NATIONAL

"ആരോപണങ്ങള്‍ ഗുരുതരം, തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി മറുപടി നല്‍കണം"; 'വോട്ട് കൊള്ള' ആരോപണത്തില്‍ രാഹുലിനെ പിന്തുണച്ച് തരൂർ

ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്ന് തരൂർ

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളില്‍ രാഹുൽ ഗാന്ധിയെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂർ. രാഹുൽ ഉന്നയിച്ച ചോദ്യങ്ങൾ ഗുരുതരമെന്ന് തരൂർ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും വിശ്വാസ്യത നശിപ്പിക്കരുതെന്ന് ശശി തരൂർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണങ്ങളില്‍ അടിയന്തരമായി മറുപടി നൽകണം. ആരുടെയെങ്കിലും കഴിവില്ലായ്മ, അശ്രദ്ധ, ബോധപൂർവമായ കൈകടത്തൽ എന്നിവയിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നും തരൂർ കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച തരൂർ 'വോട്ട് കൊള്ള' ആരോപണത്തിൽ കോൺഗ്രസിന് അനുകൂലമായി പ്രസ്താവന നടത്തിയെന്നത് ശ്രദ്ധേയമാണ്.

രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് ഒത്തുകളിച്ചുവെന്നാണ് രാഹുലിന്റെ ആരോപണം. കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തെളിവുകള്‍ നിരത്തിയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വാർത്താ സമ്മേളനം. 'വോട്ട് കൊള്ള' ആരോപണം ചർച്ചയായതോടെ രാഹുലിന് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചിരുന്നു. ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമർപ്പിക്കാനായിരുന്നു നിർദേശം.

അതേസമയം, 'വോട്ട് കൊള്ള' ആരോപണത്തില്‍ സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. എന്നാല്‍, ആരോപണങ്ങള്‍ ആവർത്തിച്ചുകൊണ്ട് രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബെംഗളൂരുവില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

SCROLL FOR NEXT