2027 മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വക്കിലാണ് ഉത്തർപ്രദേശ്. എസ്.ഐ.ആർ നടപ്പാക്കിയതോടെ യുപിയിലെ 403 നിയമസഭാ മണ്ഡലങ്ങളിൽ ഓരോന്നിൽ നിന്നും ഒഴിവാക്കപ്പെട്ടത് ശരാശരി 31,000 ഹിന്ദു വോട്ടർമാരുടെ പേരുകളാണ്. ഇത് ഭാരതീയ ജനതാ പാർട്ടിയെ തന്നെ ആകെ അങ്കലാപ്പിലാക്കിയെന്ന സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി തെറ്റുതിരുത്തൽ നടപടികളിലേക്ക് കടന്നിരിക്കുകയാണ് യുപിയിലെ ബിജെപി പ്രവർത്തകർ.
ഉത്തർപ്രദേശിൽ വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദുക്കൾ പുറത്തായെന്നും, തീവ്രമായ വോട്ടർ പട്ടിക പരിഷ്കരണ (SIR) സമയത്ത് മുസ്ലീം വോട്ടർമാരുടെ എണ്ണം 1.65% വർധിച്ചുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം, പട്ടികയുടെ നിലവിലുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ (SSR) സമയത്ത് ഈ പേരുകളിൽ ഭൂരിഭാഗവും വോട്ടർ പട്ടികയിൽ തിരികെ ചേർക്കുന്നുവെന്ന് ഉറപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ബിജെപി നേതാക്കളോട് നിർദേശം ലഭിച്ചതായി റിപ്പോർട്ട്. 2027 ജനുവരി 4ന് അന്തിമ വോട്ടർ പട്ടിക പുറത്തുവരുന്നതിന് മുന്നോടിയായി 40 മുതൽ 80 ലക്ഷം വോട്ടർമാരെയെങ്കിലും തിരികെ വോട്ടർ പട്ടികയിലെത്തിക്കാനാണ് ബിജെപിയുടെ ഭഗീരഥ യജ്ഞം.
വെള്ളിയാഴ്ച ലഖ്നൗവിൽ നടന്ന യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റുമാരോടും മറ്റു ഭാരവാഹികളോടും ലക്ഷ്യം പിഴയ്ക്കാതെ മുന്നോട്ട് പോകണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സംസ്ഥാന ബിജെപി പ്രസിഡൻ്റ് പങ്കജ് ചൗധരി എന്നിവരെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നതായി ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
അടുത്ത ഒരു മാസത്തേക്ക് യു.പിയിലെ മുഴുവൻ ബിജെപി പ്രവർത്തകരും മറ്റൊരു പരിപാടിയും ഏറ്റെടുക്കേണ്ടതില്ലെന്നും, പകരം വോട്ടർ പട്ടിക അപ്ഡേറ്റ് ചെയ്യുന്നതിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനും പാർട്ടി ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. "40 ലക്ഷം മുതൽ 80 ലക്ഷം വരെ വോട്ടർമാരെ തിരികെ ചേർക്കുന്നതിൽ വിജയിച്ചാൽ, അത് തന്നെ ധാരാളമാണ്" എന്നാണ് പൊതുവായ വിലയിരുത്തലുണ്ടായത്.
അടുത്ത മാസത്തെ അവസാന അവസരം വിട്ടുകളയരുതെന്നും യോഗ്യരായ വോട്ടർമാരെയെല്ലാം വോട്ടർ പട്ടികയിലേക്ക് തിരിച്ചെത്തിക്കണമെന്നുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പാർട്ടി പ്രവർത്തകർക്ക് നൽകിയ നിർദേശം. കരട് പട്ടികകൾ നവംബർ 17ന് പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, അതിന്മേൽ പരാതിയും എതിർപ്പുകളും അറിയിക്കാനുള്ള കാലയളവ് ഡിസംബർ 16 വരെ നീണ്ടുനിൽക്കും. പിന്നീട് അന്തിമ വോട്ടർ പട്ടിക 2027 ജനുവരി 4നാണ് പ്രസിദ്ധീകരിക്കുക.
നിയമസഭാ വോട്ടർ പട്ടികയെ, യുപിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ വോട്ടർ പട്ടികയുമായും സർക്കാർ ക്ഷേമ പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയുമായും താരതമ്യം ചെയ്ത്, നിയമസഭാ തെരഞ്ഞെടുപ്പ് പട്ടികയിൽ നിന്ന് ആരൊക്കെ പുറത്തായിട്ടുണ്ടെന്ന് കണ്ടെത്താനും യോഗി ആദിത്യനാഥ് പാർട്ടി നേതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പട്ടിക തയ്യാറാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നിരവധി സീറ്റുകൾ വിജയിച്ചത് 1,500 മുതൽ 3,000 വരെ വോട്ടുകൾക്കായിരുന്നു. ഈ സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ നിന്ന് 5,000 മുതൽ 10,000 വരെ വോട്ടർമാർ കുറഞ്ഞാൽ പോലും ഈ മണ്ഡലങ്ങളിലെ ഫലം പ്രതികൂലമായി മാറുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ പ്രധാന ആശങ്ക.
2017ൽ ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിലുള്ള വോട്ടിൻ്റെ വ്യത്യാസം 1.55 കോടി ആയിരുന്നു. എന്നാൽ 2022ൽ ഇത് 85 ലക്ഷമായി ചുരുങ്ങിയെന്നും ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാണിച്ച ഈ കണക്കുകൾ പാർട്ടിയിൽ പരാജയഭീതി സൃഷ്ടിച്ചിട്ടുണ്ടെന്നും പാർട്ടിവൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്.
ഉത്തർപ്രദേശിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകളുടെ പേരുകൾ പരിഗണിക്കുമ്പോൾ ഓരോ നിയമസഭാ മണ്ഡലത്തിൽ നിന്നും ശരാശരി 31,513 വോട്ടുകളാണ് നഷ്ടമായത്. ഇത് ഒരു വലിയ സംഖ്യയാണ്. അതിനാൽ, ഒഴിവാക്കപ്പെട്ട ഹിന്ദു വോട്ടർമാരിലേക്ക് എത്തിച്ചേരാനും ശരാശരി 10,000 മുതൽ 25,000 വരെ പേരുകൾ പട്ടികയിൽ തിരികെ കൊണ്ടുവരാനും പാർട്ടി ലക്ഷ്യം വച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന ബിജെപി നേതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിക്കുകയാണ്.