Social Media Hype vs Reality: Jodhpur's Instagram Star With 21 Lakh Followers Gets Just 33 Votes in Village Sarpanch Poll News Malayalam 24x7
NATIONAL

സോഷ്യല്‍ മീഡിയയില്‍ 21 ലക്ഷം ഫോളോവേഴ്‌സ്; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജ്യോത്സ്യന് കിട്ടിയത് വെറും 33 വോട്ട്; പരിഹാസവുമായി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാകെ 21 ലക്ഷത്തിലധികം ഫോളോവേഴ്‌സിന്റെ വൻ പിന്തുണയുണ്ടായിരുന്നു. കൂടാതെ പ്രദേശത്തെ ഒരു പ്രധാന ഗോശാലയുടെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. എന്നാൽ സ്വന്തം നാട്ടിൽ ജനവിധി തേടിയപ്പോൾ നാട്ടുകാർ താരപദവി കാറ്റിൽപ്പറത്തി ഇയാളെ തിരസ്കരിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ജോധ്പൂർ: സോഷ്യൽ മീഡിയയിലെ ലൈക്കുകളും ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സും വോട്ടുപെട്ടിയിൽ വോട്ടുകളായി മാറില്ലെന്ന് തെളിയിച്ചുകൊണ്ട് രാജസ്ഥാനിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രമുഖ ഇൻസ്റ്റഗ്രാം താരമായ ജ്യോത്സന് കനത്ത തോൽവി . ജോധ്പൂർ ജില്ലയിലെ ഒസിയാൻ ബ്ലോക്കിലുള്ള ഇൻഡോൺ കി ധാനി-2 പഞ്ചായത്തിലെ സർപഞ്ച് സ്ഥാനത്തേക്ക് മത്സരിച്ച പ്രമുഖ ജ്യോത്സനും യൂട്യൂബറുമായ ഓംപ്രകാശ് ബിഷ്ണോയിയാണ് ആകെ പോൾ ചെയ്ത 1,600 വോട്ടുകളിൽ വെറും 33 വോട്ടുകൾ മാത്രം നേടി ദയനീയമായി പരാജയപ്പെട്ടത്.

ഇൻസ്റ്റഗ്രാമിൽ മാത്രം 14 ലക്ഷം ഫോളോവേഴ്‌സും, യൂട്യൂബിൽ 5.5 ലക്ഷം സബ്‌സ്‌ക്രൈബർമാരും, ഫേസ്ബുക്കിൽ രണ്ട് ലക്ഷത്തിലധികം ആളുകളും പിന്തുടരുന്ന ഓംപ്രകാശ് ബിഷ്ണോയിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാകെ 21 ലക്ഷത്തിലധികം ഫോളോവേഴ്‌സിന്റെ വൻ പിന്തുണയുണ്ടായിരുന്നു. കൂടാതെ പ്രദേശത്തെ ഒരു പ്രധാന ഗോശാലയുടെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. എന്നാൽ സ്വന്തം നാട്ടിൽ ജനവിധി തേടിയപ്പോൾ നാട്ടുകാർ താരപദവി ഒട്ടും വകവച്ചില്ലെന്നാണ് ഫലം തെളിയിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് ബിഷ്ണോയി നേരിടുന്നത് "മറ്റുള്ളവരുടെ ഭാവി കൃത്യമായി പ്രവചിക്കുന്ന ജ്യോത്സ്യന് സ്വന്തം ദയനീയ പരാജയം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലേ" എന്നാണ് നെറ്റിസൺസ് ട്രോളുകളിലൂടെ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിലെ റീൽസുകളും ലൈക്കുകളും കണ്ടല്ല, മറിച്ച് താഴെത്തട്ടിലുള്ള ജനങ്ങളുമായുള്ള വ്യക്തിബന്ധങ്ങളും നാട്ടിൽ ചെയ്ത വികസന പ്രവർത്തനങ്ങളും നോക്കിയാണ് വോട്ടർമാർ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വിരലമർത്തുന്നത് എന്ന വലിയ പാഠമാണ് ഈ ഫലം നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

പരാജയത്തിന് പിന്നാലെ നാട്ടുകാർക്ക് നന്ദി അറിയിച്ചുകൊണ്ട് ബിഷ്ണോയി സോഷ്യൽ മീഡിയയിൽ കുറിപ്പും പങ്കുവെച്ചു. "ഗ്രാമത്തിലെ 1,600 വോട്ടർമാരിൽ എന്റെ 33 കുടുംബാംഗങ്ങൾ മാത്രമാണ് എനിക്ക് വോട്ട് ചെയ്തത്. വോട്ടർമാർക്ക് മദ്യമോ ലഹരിയോ നൽകാതെ സത്യസന്ധമായി തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്തരം വിഷമകരമായ ഘട്ടങ്ങളിലാണ് യഥാർത്ഥത്തിൽ ആരാണ് നമ്മുടെ കൂടെയുള്ളതെന്ന് തിരിച്ചറിയാൻ സാധിക്കുന്നത്" എന്ന് അദ്ദേഹം കുറിച്ചു. സൈബർ ലോകത്തെ ഹൈപ്പുകൾക്ക് അപ്പുറം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കഠിനമായ ഗ്രൗണ്ട് റിയാലിറ്റി തുറന്നുകാട്ടുന്നതാണ് ഈ സംഭവം.

SCROLL FOR NEXT