Sonam Wangchuk Source; X
NATIONAL

"ലഡാക്കിനായി ഉന്നയിച്ച ആവശ്യങ്ങളിൽ ഉറച്ചു നിൽക്കും"; സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സോനം വാങ്ചുക്

വാങ് ചുകിന് പാക് ബന്ധമുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പാക് ബന്ധം, സാമ്പത്തിക ക്രമക്കേടുകള്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് വാങ്ചുകിനെതിരെ ചുമത്തിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

സെപ്റ്റംബർ 24 ന് ലേയിൽ നടന്ന പ്രതിഷേധത്തിനിടെ നാല് സാധാരണക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്. നീതി ലഭിക്കുന്നതുവരെ ജയിലിൽ തന്നെ തുടരുമെന്ന് വാങ് ചുക് അറിയിച്ചു. അതേ സമയം സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജയിലിൽനിന്ന് ലഡാക്ക് ജനതക്ക് അയച്ച സന്ദേശത്തിലാണ് വാങ്ചുക് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഗാന്ധിയൻ രീതിയിലുള്ള പോരാട്ടം തുടരണമെന്നും ലേ അപ്പക്‌സ് ബോഡി എന്ത് നിലപാട് സ്വീകരിച്ചാലും പൂർണ്ണ പിന്തുണ നൽകുമെന്നും വാങ്ചുക് സന്ദേശത്തിൽ അറിയിച്ചു.

ലേയിൽ നടന്ന വലിയ തോതിലുള്ള പ്രതിഷേധങ്ങൾ അക്രമാസക്തമാവുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ മാസം അവസാനം ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ‌എസ്‌എ) വാങ്‌ചുകിനെ അറസ്റ്റ് ചെയ്തിരുന്നു. ദേശസുരക്ഷാ നിയമപ്രകാരമുളള കുറ്റങ്ങളാണ് വാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

വാങ് ചുകിന് പാക് ബന്ധമുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പാക് ബന്ധം, സാമ്പത്തിക ക്രമക്കേടുകള്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് വാങ്ചുകിനെതിരെ ചുമത്തിയിരിക്കുന്നത്. അക്രമണങ്ങൾക്ക് വഴിവെച്ചത് സോനം വാങ് ചുക്കിന്റെ പ്രസം​ഗമാണെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു.

സ്വതന്ത്ര പദവി ആവശ്യപ്പെട്ട് സെപ്തംബർ 24ന് ലഡാക്കിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്നാണ് സോനം വാങ്ചുക്ക് ഉൾപ്പടെ അൻപതിലേറെ പേരെ അറസ്റ്റ് ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് നിരാഹാര സമരം നടത്തിവരവെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തിലാണ് ലഡാക്കില്‍ സംഘര്‍ഷമുണ്ടായത്. വാങ്ചുക്കിനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

SCROLL FOR NEXT