കൊൽക്കത്ത: ഡാർജിലിങ്ങിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 17 പേർ മരിച്ചതായി റിപ്പോർട്ട്. കനത്തെ മഴയെത്തുടർന്ന് പ്രധാന റൂട്ടുകളിലെ റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സിക്കിമിലേക്കുള്ള ഗതാഗതം വിച്ഛേദിക്കുന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇതോടെ സിക്കിം ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ഇന്നലെ രാത്രിയോടെയാണ് പ്രദേശത്ത് കനത്ത മഴ പെയ്യാൻ തുടങ്ങിയത്. മിരിക്, സുഖിയ പൊഖാരി തുടങ്ങിയ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. പൊലീസും തദ്ദേശ ഭരണകൂടവും ഉൾപ്പെട്ട സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി മമത ബാനർജി നാളെ എത്തുമെന്നും റിപ്പോർട്ട് ഉണ്ട്.
ഡാർജിലിങ്ങിലെ ദുരന്തത്തിൽ നിരവധി പേർ മരിച്ചതിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുർഗാ പൂജയ്ക്ക് ശേഷം കൊൽക്കത്തയിൽ നിന്നും ബംഗാളിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികൾ ഡാർജിലിംഗിലേക്ക് യാത്ര ചെയ്യുന്നു. അതിനാൽ നിരവധി വിനോദസഞ്ചാരികൾ ദുരന്തത്തിൽ അകപ്പെടാൻ സാധ്യതയുണ്ട്.
താമസക്കാരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ബംഗാൾ പൊലീസ് 9147889078 എന്ന ഹോട്ട്‌ലൈൻ നമ്പർ സജ്ജമാക്കിയിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളായ ടൈഗർ ഹിൽ, റോക്ക് ഗാർഡൻ എന്നിവ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.