ഡൽഹി: സോണിയാ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' ഇന്ന് വിപണിയിൽ എത്തും. ഹാർപ്പന്സ് കോളിന്‍സ് ഇന്ത്യയാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ആമസോൺ ഉള്‍പ്പെടെയുള്ള ഓൺലൈന്‍ പ്ലാറ്റ്ഫോമുകളിലെ പ്രീ ഓർഡറില്‍ പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇറ്റലിയിലെ ബാല്യകാലം മുതൽ ഇന്ത്യയിലേക്കെത്തിയതും, ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെ വേർപാടും അതിനു ശേഷമുള്ള സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങളും എല്ലാം സോണിയാ ഗാന്ധിയില്‍ നിന്ന് തന്നെ നേരിട്ടറിയാനുള്ള ആകാംക്ഷയിലാണ് വായനക്കാർ.
ഈ മാസം പതിനാറിനാണ് ഔദ്യോഗിക പ്രകാശന ചടങ്ങെങ്കിലും സോണിയ ഗാന്ധിയുടെ ആത്മകഥ ഇന്ന് വിപണിയിലെത്തും. ഗാന്ധി കുടുംബത്തേയും കോൺഗ്രസ് രാഷ്ട്രീയത്തെയും പറ്റിയുള്ള നിരവധി വെളിപ്പെടുത്തലുകൾ പുസ്തകത്തിലുണ്ട് എന്നാണ് സൂചന.
അഞ്ച് പതിറ്റാണ്ടിലധികമായി ഇന്ത്യൻ രാഷ്ട്രീയത്തെ ഏറ്റവും അടുത്തു നിന്ന് നോക്കി കണ്ട വ്യക്തിത്വമാണ് സോണിയാ ഗാന്ധിയുടേത്. പതിറ്റാണ്ടുകൾ ഇന്ത്യയുടെ അധികാരം നിയന്ത്രിച്ച രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ്. ശേഷം പാർട്ടിയുടെ നേതൃത്വത്തിലുമെത്തി. ഇതെല്ലാം ഉണ്ടായിട്ടും സ്വന്തം ജീവിതാനുഭവങ്ങൾ സ്വകാര്യമായി സൂക്ഷിക്കാൻ ഇഷ്ടപ്പെട്ടയാളാണ് സോണിയാ ഗാന്ധി. അത്തരമൊരു വ്യക്തിത്വമാണ് മനസ്സ് തുറക്കുന്നത് എന്നതാണ് ബിലോങ്ങിങ്, എ ജേർണി ഓഫ് ലവ്ന്റെ പ്രത്യേകത.
രാജീവ് ഗാന്ധി എന്ന ഇന്ത്യക്കാരൻ യുവാവിനോടുള്ള പ്രണയം മൂലം മാത്രം, തീർത്തും വ്യത്യസ്തമായ സംസ്കാരവും ഭാഷയും ഭക്ഷണ രീതിയുമെല്ലാമുള്ള ഒരു രാജ്യത്തേക്ക്, ചെറുപ്രായത്തിൽ കടൽകടന്നുള്ള ആ യാത്ര ചെന്നെത്തിയത് വെല്ലുവിളികൾ മാത്രം നിറഞ്ഞ ലോകത്തേക്കായിരുന്നു. ഇന്ത്യയിലെ ഒന്നാം നമ്പർ കുടുംബത്തിലെ ജീവിതം കാറും കോളും നിറഞ്ഞതെങ്കിലും തനിക്ക് പ്രിയപ്പെട്ടതായിരുന്നുവെന്ന് സോണിയ അടിവരയിടുന്നു.
അടിയന്തരാവസ്ഥയോട് തനിക്കുണ്ടായിരുന്ന വിയോജിപ്പിനെക്കുറിച്ച് ആദ്യമായി അവർ ഈ പുസ്തകത്തിലൂടെ തുറന്ന് പറയുന്നു. കുടുംബത്തിലെ രണ്ട് വൻ ദുരന്തങ്ങൾ, ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വങ്ങൾ മറികടന്ന അനുഭവങ്ങൾ.. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പക്ഷേ അപൂർവമായ കഥയാണ്. പ്രധാനമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെട്ടപ്പോൾ നാല് പതിറ്റാണ്ട് ജീവിച്ച രാജ്യത്തെ പൗരത്വത്തിന്റെ പേരിൽ ചോദ്യം ചെയ്യപ്പെട്ടതിന്റെ വേദന സോണിയാ ഗാന്ധി മറച്ചുവയ്ക്കുന്നില്ല.
പക്ഷേ, എതിർചേരിയുടെ നിലപാടിനെ ഇന്നും അവർ മാനിക്കുന്നു. ഇത്തരത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെയും കോൺഗ്രസ് രാഷ്ട്രീയത്തിലെയും അപൂർവ ഏടുകളുടെ സംഗമമാണ് പുസ്തകം. ദേശീയ രാഷ്ടീയത്തിൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുമ്പോഴാണ് സോണിയാ ഗാന്ധിയുടെ ആത്മകഥാ വിപണിയിലെത്തുന്നത്.