NATIONAL

കൂടിക്കാഴ്ച പരാജയം; ഇൻഡ്യാ സഖ്യത്തിൻ്റെ ആവശ്യം തള്ളി സ്റ്റാലിൻ

ഇൻഡ്യാ സഖ്യ നേതാക്കളുടെ യോഗം നാളെ രാവിലെ ചേരും.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: കേന്ദ്രത്തിൻ്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നതിൽ നിന്ന് പിന്‍മാറണമെന്ന ഇൻഡ്യ മുന്നണിയുടെ ആവശ്യം തള്ളി ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. ബില്ലിനെ പിന്തുണയ്ക്കാമെന്ന് ഞങ്ങളുടെ പാർട്ടി നേതൃത്വം കൂട്ടായി ആലോചിച്ച് എടുത്ത തീരുമാനമാണെന്നും സ്റ്റാലിൻ ഇൻഡ്യാ മുന്നണി നേതാക്കളെ നേരിൽക്കണ്ട് അറിയിച്ചു.

ഞങ്ങൾ ബിജെപി സഖ്യത്തിൽ ഇല്ലെന്നും സംസ്ഥാന താത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്നും സ്റ്റാലിൻ നിലപാട് വ്യക്തമാക്കി. മണ്ഡല പുനർനിർണയം വേണ്ട എന്ന് ഡിഎംകെയ്ക്ക് അഭിപ്രായം ഇല്ലെന്നും നീതിപൂർണമായ പുനർനിർണയം വേണം എന്നാണ് ആവശ്യമെന്നും സ്റ്റാലിൻ പ്രതിപക്ഷ നേതാക്കളെ അറിയിച്ചു. നിങ്ങൾ ഇത്രയും പേർ ഒന്നിച്ച് വന്നപ്പോൾ ഞാൻ സ്നേഹത്തോടെ സ്വീകരിച്ചു, എന്നാൽ പാർട്ടി തീരുമാനത്തെ ഞാൻ മാനിക്കുന്നുവെന്നും സ്റ്റാലിൻ അറിയിച്ചു.

കൂടിക്കാഴ്ച ഒന്നേകാൽ മണിക്കൂറോളം നേരം നീണ്ടുനിന്നിരുന്നു. ചർച്ചക്കിടെ ബദൽ നീക്കം എന്താണെന്ന് സ്റ്റാലിൻ ഇൻഡ്യാ സഖ്യ നേതാക്കളോട് ചോദിച്ചു. ബിൽ പാസായില്ലെങ്കിൽ അടുത്ത വർഷം മണ്ഡല പുനർനിർണയം വന്നാൽ എന്താണ് പ്രതിപക്ഷത്തിൻ്റെ അടുത്ത പദ്ധതിയെന്നും സ്റ്റാലിൻ ചോദിച്ചു. കൂടിക്കാഴ്ചക്ക് ശേഷം എം.കെ. സ്റ്റാലിൻ മാധ്യമങ്ങളെ കാണും.

ഇൻഡ്യാ സഖ്യ നേതാക്കളുടെ യോഗം നാളെ രാവിലെ ചേരും. മല്ലികാർജുന ഖാർഗെ പാർലമെൻ്റ് സമുച്ചയത്തിലെ ഓഫീസിൽ വച്ച് രാവിലെ 9.45ന് പ്രതിപക്ഷ എംപിമാരെ കാണും.

വടക്കൻ, തെക്കൻ സംസ്ഥാനങ്ങൾക്കിടയിലുള്ള രാഷ്ട്രീയ അധികാര സന്തുലിതാവസ്ഥയ്ക്കും പാർലമെൻ്ററി പ്രാതിനിധ്യത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഈ നിയമനിർമാണം കാരണമാകുമെന്ന് സ്റ്റാലിനെ ബോധ്യപ്പെടുത്താനായിരുന്നു പ്രതിപക്ഷത്തിൻ്റെ ശ്രമം. വി.ഡി. സതീശൻ അടക്കം മൂന്ന് മുഖ്യമന്ത്രിമാരും സംഘത്തിൽ ഉണ്ടായിരുന്നു.

അതേസമയം, ചെന്നൈയിലെ വസതിക്ക് മുന്നിൽ കോൺഗ്രസ് വിരുദ്ധ പോസ്റ്ററുകളുമായി ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. മണ്ഡല പുനർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച എം.കെ. സ്റ്റാലിൻ, പാർട്ടി എടുത്ത ഓരോ തീരുമാനവും തമിഴ്‌നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ മുൻനിർത്തിയാണെന്ന് വ്യക്തമാക്കി.

SCROLL FOR NEXT