രാജസ്ഥാനിലെ ജയ്പൂരിൽ അമിതവേഗതയിൽ വന്ന ഓഡി കാർ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. 15 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. കാർ ഓടിച്ചിരുന്നയാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
നിയന്ത്രണം വിട്ട കാർ ആദ്യം ഒരു ഡിവൈഡറിൽ ഇടിക്കുകയിരുന്നു. തുടർന്ന് 30 മീറ്ററോളം റോഡരികിലെ കടകളിലും ഭക്ഷണ സ്റ്റാളുകളിലും ഇടിച്ചു കയറിയ കാർ ഒരു മരത്തിലിടിച്ചാണ് നിന്നത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൻ്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് മാറ്റി.ഗുരുതരമായി പരിക്കേറ്റ ഭിൽവാര നിവാസിയായ രമേശ് ബൈർവയാണ് ചികിത്സയ്ക്കിടെ മരിച്ചത്.
കാറിൽ നാല് പേർ ഉണ്ടായിരുന്നതായും എല്ലാവരും മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മറ്റ് മൂന്ന് പേർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.വാഹനം പിടിച്ചെടുത്ത പൊലീസ് മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ദുഃഖം രേഖപ്പെടുത്തി, പരിക്കേറ്റവർക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ഡെപ്യൂട്ടി മുഖ്യമന്ത്രി പ്രേംചന്ദ് ബൈർവ, ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിംസർ എന്നിവരും ആശുപത്രിയിലെത്തി.