NATIONAL

ട്രോമയിലാണ്, ശരീരത്തില്‍ ഇപ്പോഴും വേദനയാണ്; ഭാര്യയോട് പോലും മിണ്ടാനാകുന്നില്ല; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാര്‍

''എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. സംഭവിച്ചത് അത്ഭുതമാണ്. അപകടത്തിൽ എനിക്ക് എന്റെ സഹോദരനെ നഷ്ടപ്പെട്ടു''

Author : ന്യൂസ് ഡെസ്ക്

ഗാന്ധിനഗര്‍: ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഇപ്പോഴും തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ വിശ്വസിക്കാനാവുന്നില്ലെന്ന് അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷ്. അപകടത്തിന്റെ മാനസികാഘാതം മാറിയിട്ടില്ലെന്നും ഇപ്പോഴും താന്‍ ട്രോമയിലാണെന്നും വിശ്വാസ് കുമാര്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

'ഞാന്‍ മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. സംഭവിച്ചത് അത്ഭുതമാണ്. എനിക്ക് എന്റെ സഹോദരനെ നഷ്ടപ്പെട്ടു. അദ്ദേഹമായിരുന്നു എന്റെ നട്ടെല്ല്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി എന്നെ എന്തിനും പിന്തുണച്ചിരുന്നത് അവനായിരുന്നു,' വിശ്വാസ് കുമാര്‍ പറഞ്ഞു.

ആശുപത്രി കിടക്കയിലായിരുന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നു കണ്ടിരുന്നു. എങ്ങനെ ജീവിച്ചുവെന്ന് അറിയില്ലെന്നാണ് അന്ന് അദ്ദേഹത്തോട് താന്‍ പറഞ്ഞതെന്നും വിശ്വാസ് കുമാര്‍ പറഞ്ഞു.

ലെസ്റ്ററിലെ വീട്ടിലേക്ക് തിരിച്ചുവന്നെങ്കിലും, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ ബാധിച്ചു. ഭാര്യയോടും നാല് വയസ്സുള്ള മകനോടും സംസാരിക്കാനാകുന്നില്ല. ഒറ്റയ്ക്ക് ഇരിക്കും, ആരോടും സംസാരിക്കാനാവുന്നില്ലെന്നും വിശ്വാസ് പറയുന്നു.

'സഹോദരന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ നാല് മാസമായി അമ്മയും വലിയ ദുഃഖത്തിലൂടെയാണ് കടന്നു പോകുന്നത്. അമ്മ എന്നും പുറത്തേക്കും നോക്കിയിരിക്കും. ഒന്നും സംസാരിക്കില്ല,' വിശ്വാസ് കുമാര്‍.

ശാരീരിക പരിക്കുകളേറെയുണ്ടായി എന്നും രമേഷ് പറയുന്നു. സീറ്റ് - 11A ല്‍ നിന്ന് രക്ഷപ്പെടാന്‍ ഫ്യൂസ്ലേജ് വിന്‍ഡോ സഹായിച്ചു. കാലിലും തോളിലും കാല്‍മുട്ടിലും പുറംഭാഗത്തും വേദനയാണ്. ജോലി ചെയ്യാനോ വാഹനമോടിക്കാനോ കഴിയുന്നില്ല. ശരിയായി നടക്കാനും കഴിയുന്നില്ലെന്നും രമേഷ് പറഞ്ഞു. എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്‍കിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് രമേഷിന്റെ വീട്ടുകാര്‍ പറയുന്നത്.

ജൂണ്‍ 12നാണ് രാജ്യത്തെ ഞെട്ടിച്ച വിമാനാപകടം ഉണ്ടായത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. വിമാനം ജനവാസ മേഖലയില്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ആകെ 275 പേര്‍ കൊല്ലപ്പെട്ടതായിരുന്നു ഗുജറാത്ത് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇവരില്‍ 241 പേര്‍ വിമാനയാത്രികരായിരുന്നു. 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്നവരാണ്. ഒരേയൊരു യാത്രക്കാരന്‍ മാത്രമാണ് ദുരന്തത്തില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

SCROLL FOR NEXT