ന്യൂഡൽഹി: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ സുപ്രീം കോടതി. റോഹിംഗ്യകളെ അഭയാര്‍ഥികളായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്നും നുഴഞ്ഞു കയറ്റക്കാരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കണോ എന്നുമാണ് സുപ്രീം കോടതി ചോദിച്ചത്.
പൊലീസ് കസ്റ്റഡിയില്‍ വച്ച് റോഹിംഗ്യന്‍ അഭയാര്‍ഥികളെ കാണാതായെന്ന് ആരോപിച്ച് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചത്. ചില റോഹിംഗ്യകളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും എന്നാല്‍ ഇവരെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്നുമാണ് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.
എന്നാല്‍ റോഹിംഗ്യകളെ കേന്ദ്ര സര്‍ക്കാര്‍ അഭയാര്‍ഥികളായി അംഗീകരിച്ചിട്ടുണ്ടോ എന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചത്.
'റോഹിംഗ്യകളെ കേന്ദ്ര സര്‍ക്കാര്‍ അഭയാര്‍ഥികളായി അംഗീകരിച്ചിട്ടുണ്ടോ? അഭയാര്‍ഥി എന്നത് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള ഒരു നിയമപരമായ പദമാണ്. എന്നാല്‍ അനധികൃതമായി നുഴഞ്ഞു കയറുന്നവര്‍ക്ക് നല്‍കാനകുള്ള പദവിയല്ല അഭയാര്‍ഥി എന്നത്. ഇവരെയൊക്കെ ഇവിടെ നിര്‍ത്തേണ്ട ബാധ്യത നമുക്കുണ്ടോ?,' ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
എന്നാല്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ എന്ന അംഗീകാരത്തിന് വേണ്ടിയോ ഇനിയും തിരിച്ചയക്കുന്നതിനെതിരെയോ അല്ല പരാതിക്കാരന്റെ ഹര്‍ജിയെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. കസ്റ്റോഡിയില്‍ നിന്നും കാണാതായത് സംബന്ധിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അവരെ കടത്തിക്കൊണ്ട് പോവാന്‍ പറ്റില്ലെന്നും അത് രാജ്യ സുരക്ഷയ്ക്ക് തന്നെ അപകടമാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
അഭിഭാഷകന്റെ മറുപടിക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത് ഇന്ത്യയില്‍ നില്‍ക്കാന്‍ നിയമപരമായി അവകാശമില്ലെങ്കില്‍ പിന്നെ അവര്‍ നുഴഞ്ഞു കയറ്റക്കാര്‍ ആണെന്നാണ്. ഒരു നുഴഞ്ഞു കയറ്റക്കാരന്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ അവര്‍ക്ക് ചുവപ്പു പരവതാനി വിരിച്ച് നല്‍കില്ലല്ലോ എന്നും അവരെ തിരിച്ചയക്കുന്നതില്‍ എന്താണ് തടസമെന്നും സുപ്രീം കോടതി ചോദിച്ചു.
'ആദ്യം നിങ്ങള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്തുന്നു. ഒരു ടണല്‍ കുഴിച്ചോ ഫെന്‍സിങ്ങ് മറികടന്നോ ഇന്ത്യയിലേക്കെത്തുന്നു. പിന്നെ നിങ്ങള്‍ പറയുന്നു. ഇന്ത്യയിലെത്തി, ഇനി ഭക്ഷണം കഴിക്കാനും താമസിക്കാനും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടിനല്‍കാനുമൊക്കെയായി നിങ്ങളുടെ നിയമം ഞങ്ങള്‍ക്കു കൂടി നല്‍കണമെന്നും പറയുന്നു. ഇതുപോലെയുള്ള നിയമങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതുണ്ടോ?,' സുപ്രീം കോടതി ചോദിച്ചു.