NATIONAL

13 വര്‍ഷമായി കോമയില്‍; ഹരീഷ് റാണയുടെ ദയാവധത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

അന്തസോടെ മരിക്കാനുള്ള അവകാശം അംഗീകരിച്ചാണ് കോടതി വിധി.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: 13 വര്‍ഷമായി കോമയില്‍ കഴിയുന്ന യുവാവിന്റെ ദയാവധത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. പഞ്ചാബ് സ്വദേശിയായ ഹരിഷ് റാണയുടെ വൈദ്യസഹായം പിന്‍വലിക്കാന്‍ അനുവദിച്ചാണ് കോടതി ഉത്തരവ്. അന്തസോടെ മരിക്കാനുള്ള അവകാശം അംഗീകരിച്ചാണ് കോടതി വിധി.

കെട്ടിടത്തില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷമായി രോഗാവസ്ഥയില്‍ കഴിയുന്ന ഹരിഷ് റാണയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരവിട്ടത്. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നല്‍കിയത്.

മകന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള എല്ലാ ചികിത്സകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ അപേക്ഷയിലാണ് അനുമതി. ഇപ്പോള്‍ 33 വയസ്സുള്ള ഹരീഷ് റാണ എന്നയാള്‍ താമസസ്ഥലത്തിന്റെ നാലാം നിലയില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് തലച്ചോറിനേറ്റ ക്ഷതത്തെ തുടര്‍ന്ന് കിടപ്പിലാവുകയായിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് രക്ഷിതാക്കളുടെ ആവശ്യപ്രകാരം കോടതി ദയാവദത്തിന് അനുവദിച്ചത്.

വൈദ്യ ഉപകരണങ്ങള്‍ പിന്‍വലിക്കല്‍ മാന്യമായ രീതിയില്‍ ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. എയിംസ് ആശുപത്രി അവരുടെ പാലിയേറ്റീവ് കെയര്‍ സെന്ററില്‍ പ്രവേശനം അനുവദിക്കണം. വൈദ്യചികിത്സ പിന്‍വലിക്കാനുള്ള തീരുമാനം സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡുകളില്‍ നിന്ന് അറിയിപ്പ് സ്വീകരിക്കാന്‍ ഹൈക്കോടതികള്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റുകളോട് നിര്‍ദ്ദേശിക്കണം തുടങ്ങിയ നിര്‍ദേശങ്ങളോടെയാണ് ദയാവധത്തിന് അനുമതി നല്‍കിയത്.

SCROLL FOR NEXT