Supreme court  Source :ഫയൽ ചിത്രം
NATIONAL

മറ്റുള്ളവരെ വേദനിപ്പിക്കുന്നതാകരുത് നര്‍മം; ഭിന്നശേഷിക്കാരെ പരിഹസിച്ച സമയ് റെയ്‌ന അടക്കം അഞ്ച് പേരും നിരുപാധികം മാപ്പ് പറയണം: സുപ്രീം കോടതി

അടുത്ത തവണ വിചാരണ നടത്തുമ്പോള്‍ ഇവര്‍ക്കുള്ള പിഴ എത്രയാണെന്ന് നിശ്ചയിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

ഭിന്നശേഷിക്കാര്‍ക്കെതിരെ വളരെ മോശം തമാശകള്‍ പറയുകയും പരിഹസിക്കുകയും ചെയ്‌തെന്ന ഹര്‍ജിയില്‍ കൊമേഡിയന്മാരായ സമയ് റെയ്‌ന ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ നിരുപാധികം മാപ്പുപറയണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജോയ്മല്യ ബാഗ്ചി എന്നിവരാണ് മാപ്പ് പറയണമെന്ന് കര്‍ശന നിര്‍ദേശം മുന്നോട്ട് വെച്ചത്.

എം/എസ് എസ്എംഎ ക്യൂവര്‍ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. സമയ് റെയ്‌ന, വിപുന്‍ ഗോയല്‍, ബല്‍രാജ് പരംജീത് സിംഗ് ഘായി, സൊനാലി തക്കര്‍ അഥവാ സൊനാലി ആദിത്യ ദേശായി നിഷാന്ത് ജഗ്ദീഷ് തന്‍വാര്‍ എന്നിവരോടാണ് മാപ്പ് പറയാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.

അടുത്ത തവണ വിചാരണ നടത്തുമ്പോള്‍ ഇവര്‍ക്കുള്ള പിഴ എത്രയാണെന്ന് നിശ്ചയിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പശ്ചാത്താപം കുറ്റകൃത്യത്തേക്കാള്‍ വലുതായിരിക്കണമെന്നും അപ്പോഴേ നടത്തിയ അവഹേളനത്തെ മറികടക്കാന്‍ കഴിയൂ എന്നും സുപ്രീം കോടതി പറഞ്ഞു. ഒരാളുടെ അഭിമാനത്തെ ഹനിക്കുന്നതാവരുത് നര്‍മം എന്നും സുപ്രീം കോടതി ഇതിനോടൊപ്പം പറഞ്ഞു.

'നര്‍മം നല്ലതും അത് ജീവിതത്തിന്റെ ഭാഗവുമാണ്. നമ്മള്‍ നമ്മളെ തന്നെ ഓര്‍ത്തും ചിലപ്പോള്‍ ചിരിക്കും. പക്ഷെ മറ്റുള്ളവരെ നോക്കി ചിരിക്കാന്‍ ആരംഭിക്കുമ്പോള്‍ അതില്‍ നമ്മുടെ തന്നെ ബോധത്തിന്റെ ലംഘനമാവുകയും അത് പ്രശ്‌നമാവുകയും ചെയ്യുന്നു. ഇന്ന് ഇന്‍ഫ്‌ളുവന്‍സര്‍മാരെന്ന് പറയുന്നവരൊക്കെ ആദ്യം ഇത് മനസിലാക്കണം. ചില വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ സമൂഹത്തെ മൊത്തത്തില്‍ ഉപയോഗിക്കരുത്. അതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം,' കോടതി പറഞ്ഞു.

പോഡ്കാസ്റ്റുകളിലൂടെ മാപ്പ് പറയൂ. എന്നിട്ട് നിങ്ങള്‍ക്ക് ഒടുക്കാനാവുന്ന പിഴ എത്രയാണെന്ന് അറിയിക്കൂ എന്നും കോടതി പറഞ്ഞു. ഇന്ത്യാസ് ഗോഡ് ലേറ്റന്റ് വിവാദവുമായി ബന്ധപ്പെട്ട് രണ്‍വീര്‍ അല്ലഹബാദിയ, ആശിഷ് ഞ്ച്‌ലാനി എന്നിവര്‍ നല്‍കിയ രണ്ട് ഹര്‍ജികള്‍, ക്യൂവര്‍ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി എന്നിവ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

എസ് എംഎ ക്യുവര്‍ ഫൗണ്ടേഷന്റെ പരാതിയില്‍ കോടതി മെയ് അഞ്ചിന് തന്നെ നോട്ടീസ് നല്‍കിയിരുന്നു. അടുത്ത ഹിയറിങ്ങിന് ഹാജരാകണമെന്നും, വരാതിരുന്നാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും സുപ്രീം കോടതി സമയ് റെയ്‌ന അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

SCROLL FOR NEXT