ന്യൂഡല്‍ഹി: 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ എന്‍സിഇആര്‍ടി പാഠപുസ്തകത്തിന് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പുസ്തകത്തിന്റെ നിര്‍മാണത്തിനും വിതരണത്തിനും പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
സംഭവത്തില്‍ കേന്ദ്രം മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.
ഗൗരവമായാണ് വിഷയത്തെ കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചത്. അതുകൊണ്ടാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഉത്തരവാദികളെ കണ്ടെത്തുംവരെ നിയമ നടപടികള്‍ അവസാനിപ്പിക്കില്ലെന്നും 'തലകള്‍ ഉരുണ്ടേ മതിയാകൂ' എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര പറഞ്ഞു.
ജുഡീഷ്യറിക്ക് നേരെ നിങ്ങള്‍ വെടിയുതിര്‍ത്തിരിക്കുകയാണെന്നും രക്തവാര്‍ന്ന് നില്‍ക്കുകയാണ് രാജ്യത്തെ ജുഡീഷ്യറിയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.
വിവാദ പാഠഭാഗം ഉള്‍പ്പെടുത്തിയതില്‍ കഴിഞ്ഞ ദിവസം തന്നെ ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നടപടി കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും പുസ്തകം ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.
നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്നും എന്‍സിഇആര്‍ടിയുടെ നടപടി കടുത്ത അസ്വസ്ഥതയുണ്ടാക്കിയെന്നും കോടതി പറഞ്ഞു. ജഡ്ജിമാരും അഭിഭാഷകരും ഒരുപോലെ അസ്വസ്ഥരാണ്. എന്‍സിഇആര്‍ടിയുടെ നടപടി നടപടി കടുത്ത അസ്വസ്ഥതയുണ്ടാക്കി എന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, ഇതെങ്ങനെ കൈകാര്യം ചെയ്യാമെന്ന് തനിക്ക് അറിയാമെന്നും വ്യക്തമാക്കി.
ജുഡീഷ്യറിയിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീര്‍ണ്ണമായ നിയമനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നീ കാരണങ്ങളാല്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ കണക്ക് എന്നിവയാണ് പാഠഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി (81,000), ഹൈക്കോടതികള്‍ (62,40,000), ജില്ലാ, സബോര്‍ഡിനേറ്റ് കോടതികള്‍ (4,70,00,000) എന്നിവിടങ്ങളിലെ കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ എണ്ണം പുസ്തകത്തില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ദുഃഖകരമെന്നു പറയട്ടെ, ജുഡീഷ്യറിക്കുള്ളില്‍ പോലും അഴിമതിയും ദുഷ്‌പെരുമാറ്റവും ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ പൊതുജന വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നു', എന്ന മുന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ വാക്കുകളും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.