stray dogs  Image: Social Media
NATIONAL

അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ നായ്ക്കളെ വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തൂ; മൃഗസ്‌നേഹികളോട് സുപ്രീം കോടതി

എന്തിനാണ് നായ്ക്കള്‍ ഇങ്ങനെ ചുറ്റിക്കറങ്ങുന്നതും ആളുകളെ കടിക്കുന്നതും ഭയപ്പെടുത്തുന്നതുമെന്നും കോടതി

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ വീണ്ടും സുപ്രീം കോടതി. പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കരുതെന്ന് ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ കോടതി ആവര്‍ത്തിച്ചു. തെരുവ് നായ ആക്രമണത്തില്‍ നായ്ക്കളെ പോറ്റുന്നുണ്ടെന്ന് പറയുന്നവരും ഉത്തരവാദികളാണെന്ന് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.

തെരുവുനായ ആക്രമണത്തിലുണ്ടാകുന്ന പരിക്കുകള്‍ക്കും മരണത്തിനും സംസ്ഥാന സര്‍ക്കാരുകളും ഉത്തരവാദികളായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന് സംസ്ഥാന സര്‍ക്കാര്‍ വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് വാദം കേള്‍ക്കുന്നതിനിടയില്‍ കോടതി പറഞ്ഞത്.

പൊതുസ്ഥലങ്ങളില്‍ നായ്ക്കള്‍ ഭീതി പടര്‍ത്തുന്നതിലും ആളുകളെ ആക്രമിക്കുന്നതിലും കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. മൃഗസ്‌നേഹികള്‍ക്കെതിരെ ഇന്നും ഗുരുതരമായ വിമര്‍ശനങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്.

നിങ്ങള്‍ക്ക് അത്ര നിര്‍ബന്ധമാണെങ്കില്‍ സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകൂ, എന്തിനാണ് നായ്ക്കള്‍ ഇങ്ങനെ ചുറ്റിക്കറങ്ങുന്നതും ആളുകളെ കടിക്കുന്നതും ഭയപ്പെടുത്തുന്നതുമെന്നും കോടതി മൃഗസ്‌നേഹികളോട് ചോദിച്ചു. തെരുവുനായ വിഷയം വൈകാരിക പ്രശ്‌നമാണെന്ന മൃഗസ്‌നേഹികളുടെ അഭിഭാഷക മേനക ഗുരുസ്വാമിയുടെ വാദത്തോടായിരുന്നു കോടതിയുടെ പ്രതികരണം.

ഇതുവരെയുള്ള വികാരങ്ങള്‍ നായകള്‍ക്കു വേണ്ടി മാത്രമുള്ളതായി തോന്നുവെന്ന് ബെഞ്ച് അഭിഭാഷകയോട് പറഞ്ഞപ്പോള്‍ മനുഷ്യരെ കുറിച്ചും ഒരുപോലെ ആശങ്കയുണ്ടെന്നായിരുന്നു അഭിഭാഷകയുടെ മറുപടി.

തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതിയില്‍ വാദം തുടരുകയാണ്.

SCROLL FOR NEXT