Supreme Court Grants Bail to Two Bilkis Bano Case Convicts After Over 17 Years in Jail News Malayalam 24X7
NATIONAL

ബിൽക്കിസ് ബാനു കേസിൽ രണ്ട് പ്രതികൾക്ക് നല്‍കിയ ജീവപര്യന്തം തടവ് മരവിപ്പിച്ച് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

2017 മെയ് മാസത്തിൽ ഇവരുടെ ശിക്ഷ ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് ഒക്ടോബർ 28 ന് സുപ്രീം കോടതി ആശ്വാസം നൽകിയത്.

Author : ന്യൂസ് ഡെസ്ക്

ദില്ലി: 2002 ലെ ഗുജറാത്ത് കലാപത്തിനിടെയുണ്ടായ ബിൽക്കിസ് ബാനു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ബിപിൻചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവരുടെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചുകൊണ്ടാണ് പരമോന്നത കോടതിയുടെ സുപ്രധാന ഉത്തരവ്. ഇരുവരും ഇതിനോടകം 17 വർഷത്തിലധികം ജയിൽവാസം അനുഭവിച്ചുകഴിഞ്ഞുവെന്നും, ഇവരുടെ അപ്പീലുകളിൽ വസ്തുതാപരവും നിയമപരവുമായ നിരവധി വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നൽകിയത്. ഇവരിൽ ബിപിൻചന്ദ് ജോഷി ഗുരുതരമായ ശാരീരിക വൈകല്യമുള്ള വ്യക്തിയാണെന്ന വസ്തുതയും ബെഞ്ച് പരിഗണിച്ചു.

2017 മെയ് മാസത്തിൽ ഇവരുടെ ശിക്ഷ ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് ഒക്ടോബർ 28 ന് സുപ്രീം കോടതി ആശ്വാസം നൽകിയത്. സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കുറ്റകൃത്യത്തിന്റെ ഗൗരവവും വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും കണ്ടെത്തലുകളും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. എന്നാൽ പ്രതികളിലൊരാളുടെ പേര് ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഉണ്ടായിരുന്നില്ലെന്നും സംഭവം നടന്ന് ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് ഇയാളെ കേസിൽ പ്രതിചേർത്തതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

അതിജീവിത പോലീസിന് നൽകിയ മൊഴിയിലോ വൈദ്യപരിശോധനയ്ക്കിടെ ഡോക്ടർക്ക് മുന്നിൽ നൽകിയ മൊഴിയിലോ ഈ രണ്ട് ഹർജിക്കാരുടെയും പേരുകൾ പരാമർശിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആൾക്കൂട്ടത്തിൽ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നതിനപ്പുറം ഇവർ നേരിട്ട് കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിന് വ്യക്തമായ തെളിവുകളില്ലെന്ന വാദവും കോടതിക്ക് മുന്നിൽ ഉന്നയിക്കപ്പെട്ടിരുന്നു. 2022 ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകി വിട്ടയച്ച 11 പ്രതികളിൽ ഉൾപ്പെട്ടവരാണ് ബിപിൻചന്ദ് ജോഷിയും പ്രദീപ് മോദിയയും.

എന്നാൽ ഗുജറാത്ത് സർക്കാരിന്റെ ഈ നടപടിയെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയും 2024 ജനുവരിയിൽ കോടതി 11 പ്രതികളുടെയും ശിക്ഷാ ഇളവ് റദ്ദാക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലാണ് വിചാരണ നടന്നതെന്നതിനാൽ ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി രണ്ടാഴ്ചയ്ക്കകം ജയിലിൽ കീഴടങ്ങാൻ പ്രതികളോട് ഉത്തരവിട്ടിരുന്നു. തുടർന്ന് കീഴടങ്ങി ജയിലിൽ കഴിഞ്ഞുവരികയായിരുന്ന പ്രതികളിൽ രണ്ടുപേർക്കാണ് ഇപ്പോൾ അപ്പീലിൽ തീർപ്പാകുന്നത് വരെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

2002-ൽ അഞ്ചുമാസം ഗർഭിണിയായിരുന്ന 21 കാരി ബിൽക്കിസ് ബാനു അതിക്രമത്തിന് ഇരയാവുകയും, മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലാണ് മുംബൈയിലെ പ്രത്യേക സിബിഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്.

SCROLL FOR NEXT