മെട്രോ സ്റ്റേഷനുകൾ അടച്ചിടാനുള്ള ഡൽഹി പൊലീസിൻ്റെ നടപടിക്കെതിരെ സുപ്രീം കോടതി 
NATIONAL

"ഈച്ചയെ കൊല്ലാൻ എന്തിനാണ് ചുറ്റിക ഉപയോഗിക്കുന്നത്"; മെട്രോ സ്റ്റേഷനുകൾ അടച്ചിടാനുള്ള ഡൽഹി പൊലീസിൻ്റെ നടപടിക്കെതിരെ സുപ്രീം കോടതി

നാളെ നടത്താനിരിക്കുന്ന പ്രക്ഷോഭത്തിന് മുന്നോടിയായി കേന്ദ്ര സർക്കാരും ഡൽഹി പൊലീസും ഏർപ്പെടുത്തിയ കടുത്ത യാത്രാവിലക്കുകൾ ചോദ്യം ചെയ്തുകൊണ്ടാണ് സിജെപി കോടതിയെ സമീപിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയും പ്രതിപക്ഷ പാർട്ടികളും നാളെ പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി മെട്രോ സ്റ്റേഷനുകൾ അടച്ചിടാനുള്ള ഡൽഹി പൊലീസിൻ്റെ നടപടിക്കെതിരെ സുപ്രീംകോടതി. പൊലീസിൻ്റെ യാത്രാവിലക്കിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. ഈച്ചയെ കൊല്ലാൻ എന്തിനാണ് ചുറ്റിക ഉപയോഗിക്കുന്നത് എന്ന് കേന്ദ്ര സർക്കാരിനോട് കോടതി ചോദിച്ചു.

പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ പ്രധാനപ്പെട്ട 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും നിരവധി ദീർഘദൂര ട്രെയിനുകൾ റദ്ദാക്കാനുമുള്ള നീക്കത്തെ കോടതി വിമർശിച്ചു. മെട്രോ ട്രെയിനുകളുടെ ഫ്രീക്വൻസി വേണമെങ്കിൽ കുറയ്ക്കാമെങ്കിലും സർവീസുകൾ പൂർണമായി നിർത്തരുതെന്ന് കോടതി ഉത്തരവിട്ടു.

ക്രമസമാധാന പരിപാലനത്തിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അതോറിറ്റികൾക്ക് അവകാശമുണ്ടെങ്കിലും അത് പരിധി വിടരുതെന്നും ആനുപാതികമായ നടപടികൾ മാത്രമേ സ്വീകരിക്കാവൂ എന്നും നിർദേശിച്ചു. മെട്രോ, ട്രെയിൻ സർവീസുകളിൽ വരുത്തുന്ന മാറ്റങ്ങളും റോഡ് തടസങ്ങളും ബദൽ വഴികളും സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് കൃത്യമായി മനസ്സിലാക്കാൻ പത്രങ്ങൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ എന്നിവയിലൂടെ പരസ്യപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി ജന്തർ മന്തറിലേക്ക് ജന്തർ മന്തർ 2.0 എന്ന പേരിൽ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മുൻകൂർ അപേക്ഷ നൽകാത്തതിനാലും സുരക്ഷാ കാരണങ്ങളാലും ഈ പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.

SCROLL FOR NEXT