ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കണമെന്ന് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. എട്ടാഴ്ചയ്ക്കുള്ളില്‍ പൊതു സ്ഥലങ്ങളില്‍ നിന്ന് നീക്കി വന്ധ്യംകരിക്കണമെന്നും ഇവയെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി ഹര്‍ജികളാണ് കോടതികളിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതു കായിക സമുച്ചയങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഡിപ്പോകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കള്‍ കടക്കുന്നത് ഇല്ലാതാക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
തദ്ദേശ വകുപ്പ് ഇടപെട്ടാണ് തെരുവുനായ്ക്കളെ നീക്കം ചെയ്യേണ്ടത്. 2023ലെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നിയമ പ്രകാരം നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയും അവയെ വന്ധ്യംകരിക്കുകയും ചെയ്യണം. ഇതിനു ശേഷം തെരുവുനായ്ക്കളെ അതേ സ്ഥലത്ത് കൊണ്ടു പോയി ഇടരുതെന്നും ഇവയെ ഷെല്‍ട്ടറുകൡലേക്ക് മാറ്റണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത്ത, എന്‍ വി അഞ്ചാരിയ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തെരുവുനായ്ക്കള്‍ കടക്കുന്നത് വിലക്കണമെന്നും ഇക്കാര്യത്തില്‍ തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകണമെന്നും സുപ്രീം കോടതി അറിയിച്ചു. നടപ്പിലാക്കിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിമാര്‍ സുപ്രീം കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
തെരുവുനായ്ക്കളെ നീക്കണമെന്ന ഉത്തരവിന് പിന്നാലെ റോഡുകളിലും ദേശീയ പാതകളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെയും മറ്റു മൃഗങ്ങളെയും നീക്കുന്നതിലും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കന്നുകാലികളടക്കമുള്ള മൃഗങ്ങളെ ഗോശാലകളിലേക്കോ മറ്റു ഷെല്‍ട്ടറുകളിലേക്കോ മാറ്റണമെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.