ഡൽഹി: രക്ഷിതാക്കളുടെ വരുമാനം മാത്രം നോക്കി ഒബിസി ക്വാട്ടയിൽ നിന്ന് ഒരാളെയും ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഒബിസി ക്രീമിലെയർ നിർണയിക്കുന്നതിൽ രക്ഷകർത്താവിൻ്റെ വരുമാനം മാത്രമല്ല അവരുടെ ജോലിയുടെ കാറ്റഗറിയും പദവിയും പരിഗണിക്കണമെന്നാണ് ഉത്തരവ്. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുൾപ്പെടുന്ന ബെഞ്ചിൻ്റേതാണ് വിധി.
ക്രീമിലെയർ നിർണയിക്കുന്നതിൽ വരുമാനവും സ്വത്തും ഒരു അധിക മാനദണ്ഡം മാത്രമായിരിക്കുമെന്ന് കോടതി പറഞ്ഞു. നിലവിൽ എട്ട് ലക്ഷം വാർഷിക വരുമാനമാണ് ക്രീമിലെയർ പരിധി. വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം ക്രീമിലെയർ കണക്കാക്കിയിരുന്ന പൊതുമേഖലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കളുടെ കുട്ടികളെ വിധി പ്രതികൂലമായി ബാധിച്ചേക്കും.
2012ൽ ഒരു കൂട്ടം ഉദ്യോഗാർഥികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച പ്രകടനം നടത്തിയിട്ടും രക്ഷിതാക്കൾ ഉയർന്ന വരുമാനം ഉള്ളവരെന്ന കാരണത്താൽ ക്രീമിലെയർ കാറ്റഗറിയിൽ ഉൾപ്പെടുത്തുകയും നിയമനം ലഭിക്കാതെ പോയ സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒബിസി സംവരണം നഷ്ടപ്പെട്ടവർക്ക് സംവരണാടിസ്ഥാനത്തിൽ നിയമനം നൽകാനുള്ള കേരള, മദ്രാസ്, ഡൽഹി ഹൈകോടതി ഉത്തരവുകൾക്കെതിരെ കേന്ദ്ര സർക്കാർ നർകിയ അപ്പീൽ തള്ളിയാണ് സുപ്രീം കോടതി വിധി. അധിക തസ്തിക സൃഷ്ടിച്ച് യോഗ്യരായ ഉദ്യോഗാർഥികൾക്ക് നിയമനം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.