സുപ്രീം കോടതിയിലെ വാദം Source: X/ @mohitlaws
NATIONAL

ബിഹാര്‍ കരട് വോട്ടര്‍ പട്ടികയിലെ 'മരിച്ച' സ്ത്രീയെ ഹാജരാക്കി; യോഗേന്ദ്ര യാദവിന് സുപ്രീം കോടതിയുടെ അഭിനന്ദനം

65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ പ്രക്രിയ ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ലെന്ന് ഹർജിക്കാരൻ യോഗേന്ദ്ര യാദവ് വാദിച്ചു

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ബിഹാർ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ നിയമവിരുദ്ധത ഉണ്ടെങ്കിൽ റദ്ദാക്കേണ്ടിവരുമെന്ന് സുപ്രീംകോടതി. മരിച്ചെന്ന് ചൂണ്ടിക്കാട്ടി കരട് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയ സ്ത്രീയെ കോടതിയില്‍ ഹാജരാക്കിയ ഹർജിക്കാരൻ യോഗേന്ദ്ര യാദവിനെ കോടതി അഭിനന്ദിച്ചു. അതേസമയം ആധാർ പൗരത്വത്തിന്റെ ആധികാരിക രേഖയായി കണക്കാക്കാൻ ആകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ വാദവും കോടതി ശരിവെച്ചു. ഹർജിയിൽ ഇന്നത്തെ വാദം പൂർത്തിയായി.

65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ പ്രക്രിയ ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ലെന്ന് യോഗേന്ദ്ര യാദവ് സുപ്രീം കോടതിയിൽ പറഞ്ഞു. വോട്ടർ പട്ടികയിൽ കൂട്ടിചേർക്കേണ്ട ഒരാളെ പോലും പരിശോധനയിൽ കണ്ടെത്തിയില്ല. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്ന പരിശോധനയാണ് ബീഹാറിൽ നടത്തിയത്. കരട് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട സ്ത്രീയെ കോടതിയില്‍ ഹാജരാക്കിയ യോഗേന്ദ്ര യാദവിനെ സുപ്രീം കോടതി അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ നാടകം എന്തിനാണെന്ന ചോദ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിഭാഷകൻ ഉയർത്തിയത്.

യോഗേന്ദ്ര യാദവ് പറയുന്നതിൽ വസ്തുതകൾ ഉണ്ടെന്ന് ശരിവെച്ച ബെഞ്ച് ചില പ്രശ്നങ്ങൾക്ക് പരിഹാര നടപടികൾ ആവശ്യമാണെന്ന് നിരീക്ഷിച്ചു. യോഗേന്ദ്രയാദവിൻ്റെ ഇടപെടിലിനെ അഭിനന്ദിച്ച സുപ്രീംകോടതി,പൗരന്മാരിൽ അഭിമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി. യോഗേന്ദ്രയാദവിൻ്റെ നിരീക്ഷണം മികച്ചതാണെന്നും ബെഞ്ച് പറഞ്ഞു. കേസിലെ ഇന്നത്തെ വാദം പൂർത്തിയായിരിക്കുകയാണ്.

അതേസമയം ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.

ഈ വിഷയത്തിൽ സ്വതന്ത്ര പരിശോധന വേണ്ടിവരുമെന്നും. പൗരന്മാരല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും കമ്മീഷൻ്റെ പരിധിയിൽ വരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

SCROLL FOR NEXT