ഡിവൈ ചന്ദ്രചൂഢ് 
NATIONAL

മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനെ ഔദ്യോഗിക വസതിയില്‍ നിന്നും ഉടന്‍ ഒഴിപ്പിക്കണം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കത്ത്

ജഡ്ജിമാരില്‍ ചിലര്‍ക്ക് ഇതുവരെ ഔദ്യോഗിക വസതിയാവാത്ത സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ നീക്കം.

Author : ന്യൂസ് ഡെസ്ക്

മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. സുപ്രീംകോടതി അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗമാണ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്. ജഡ്ജിമാരില്‍ ചിലര്‍ക്ക് ഇതുവരെ ഔദ്യോഗിക വസതിയാവാത്ത സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ നീക്കം.

വിരമിച്ചിട്ടും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി മുന്‍ ചീഫ് ജസ്റ്റിസായ ഡി വൈ ചന്ദ്രചൂഢ് ഒഴിഞ്ഞിട്ടില്ല. വസതിയൊഴിപ്പിച്ച് സുപ്രീംകോടതിയുടെ ഹൗസിംഗ് പൂളിലേക്ക് കെട്ടിടം തിരികെ നല്‍കണമെന്ന് സുപ്രീംകോടതി ഭരണവിഭാഗം കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. നിലവില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഉള്‍പ്പെടെ 33 ജഡ്ജിമാരാണ് സുപ്രീംകോടതിയിലുള്ളത്. ഇതില്‍ നാലുപേര്‍ക്ക് ഇതുവരെ ഔദ്യോഗിക വസതി അനുവദിക്കാനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്.

കൃഷ്ണ മേനോന്‍ മാര്‍ഗിലുള്ള ബംഗ്ലാവാണ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി. 2024 നവംബര്‍ 10നാണ് ജസ്റ്റിസ് ചന്ദ്രചൂഢ് സ്ഥാനമൊഴിഞ്ഞത്. ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന വേളയില്‍ ടൈപ്പ് എട്ട് ബംഗ്ലാവാണ് നല്‍കുക. എന്നാല്‍ റിട്ടയര്‍ ആയി കഴിഞ്ഞാല്‍ ടൈപ്പ് അഞ്ച് ബംഗ്ലാവിലേക്ക് മാറി ഇവര്‍ക്ക് ആറ് മാസം വരെ താമസിക്കാനാകും. എന്നാല്‍ ചന്ദ്രചൂഢ് സ്ഥാനമൊഴിഞ്ഞ് എട്ട് മാസമായിട്ടും ഇതുവരെയും ടൈപ്പ് എട്ട് ബംഗ്ലാവില്‍ തന്നെയാണ് നില്‍ക്കുന്നത്. എന്നാല്‍ ചില വ്യക്തിപരമായ സാഹചര്യം കാരണമാണ് ബംഗ്ലാവ് ഒഴിയാന്‍ വൈകിയതെന്നാണ് ചന്ദ്രചൂഢിന്റെ വിശദീകരണം.

SCROLL FOR NEXT