സുപ്രീം കോടതി Source: ANI
NATIONAL

"ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലേ നൽകണം"; മുതിർന്ന ക്ലാസുകളിലായി ചുരുക്കരുതെന്ന് സുപ്രീം കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 15 കാരന്ജാമ്യം അനുവദിച്ചത് സ്ഥിരീകരിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി; ചെറുപ്രായത്തിലേ തന്നെ ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത് ആവശ്യമാണെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. ഒൻപതുമുതൽ 12 വരെ കാസുകളിലായി ചുരുക്കേണ്ടതില്ലെന്നും കുട്ടികൾ വളരെ നേരത്തേ തന്നെ ലൈംഗിക വിദ്യാഭ്യാസം നേടേണ്ടതുണ്ടെന്നുമാണ് കോടതി നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെട്ട ഉത്തര്‍പ്രദേശിലെ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

പ്രായപൂർത്തിയായതിനുശേഷം സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ശ്രദ്ധയും മുൻകരുതലുകളുംമെല്ലാം കുട്ടികൾ നേരത്തേ മനസിലാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 15 കാരന്ജാമ്യം അനുവദിച്ചത് സ്ഥിരീകരിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. കേസിൽ പ്രതിയും ഇരയും കൗമാരക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

2024 ഓഗസ്റ്റിൽ അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവിനെതിരെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി സമർപ്പിച്ച അപ്പീലിലാണ് ഈ നിരീക്ഷണങ്ങൾ. 2025 സെപ്റ്റംബറിൽ സുപ്രീം കോടതി ഒരു ഇടക്കാല ഉത്തരവിലൂടെ, ജുവനൈൽ ജസ്റ്റിസ് ബോർഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും ഉപയോഗിച്ച് 15 കാരന് ജാമ്യം അനുവദിച്ചിരുന്നു.

കേസിൽ ഉത്തർപ്രദേശിലെ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നുണ്ടോയെന്ന് കോടതി അന്വേഷിച്ചിരുന്നു. 9-12 വരെ ക്ലാസില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണെന്നായിരുന്നു സത്യവാങ്മൂലത്തിൽ സര്‍ക്കാരിന്റെ മറുപടി. പാഠ്യപദ്ധതിയിൽ ഒമ്പതാം ക്ലാസ് മുതൽ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് നേരത്തേ തന്നെ കുട്ടികൾക്ക് പഠിക്കാൻ സാധിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.

SCROLL FOR NEXT