സുപ്രീം കോടതി Source: ANI
NATIONAL

"ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിന്"; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഇഡിക്കെതിരെ വിമർശനമുന്നയിച്ചത്

Author : ന്യൂസ് ഡെസ്ക്

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിനെന്ന് സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഇഡിക്കെതിരെ വിമർശനമുന്നയിച്ചത്.

മുഡ അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ നടപടികൾ റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഇഡി സമർപ്പിച്ച ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. കേസിൽ കര്‍ണാടക സിദ്ധരാമയ്യയുടെ ഭാര്യക്ക് സമന്‍സ് അയക്കണമെന്ന ഇഡിയുടെ ആവശ്യവും സുപ്രീം കോടതി തള്ളി. സമൻസ് അയച്ച നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു ഇതിനെതിരെയാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്.

മൈസൂരു അ‍ർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസിൽ സിദ്ധരാമയ്യയ്ക്ക് ലോകായുക്ത ക്ലീൻ ചിറ്റ് നല്‍കിയിരുന്നു. തെളിവുകളുടെ അഭാവത്തെ തുടർന്നാണ് സിദ്ധരാമയ്യയ്ക്കും പങ്കാളി പാർവതി ബിഎമ്മിനും ലോകായുക്ത ക്ലീൻ ചിറ്റ് നല്‍കിയത്.

നഗര വികസനത്തിന് ഭൂമി വിട്ടുകൊടുത്തതിന് പകരം മൈസുരു അര്‍ബൻ ഡെവലപ്മെന്റ് അതോറിറ്റി പത്തിരട്ടിയിലേറെ മൂല്യമുള്ള ഭൂമി അനുവദിച്ചത് വഴി വ്യക്തികൾ‌ക്ക് ലാഭമുണ്ടാക്കി, സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കി എന്നിവയാണ് സിദ്ധരാമയ്യയ്ക്കും പങ്കാളിയ്ക്കും എതിരായ മുഡ കേസ്. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയേക്കാൾ വളരെ ഉയർന്നതായിരുന്നു എന്നും, അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ.

1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 

SCROLL FOR NEXT