മുംബൈ: ഓണ്‍ലൈന്‍ വാതുവെപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുകള്‍ കണ്ടുകെട്ടി ഇഡി. ഇരുവരുടേയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
റെയ്നയുടെ പേരിലുള്ള 6.64 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ പേരിലുള്ള 4.5 കോടി രൂപയുടെ സ്ഥാവര സ്വത്തും ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. നിയമവിരുദ്ധ വാതുവെപ്പ് ആപ്പായ വണ്‍ എക്‌സ് ബെറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി നടപടി. വാതുവെപ്പ് കമ്പനികളുമായി റെയ്നയും ധവാനും കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നതായി ഇഡി കണ്ടെത്തി.
1xBte നെയും അതിന്റെ അനുബന്ധ പ്ലാറ്റ്ഫോമുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശ സ്ഥാപനങ്ങളുമായി അറിഞ്ഞുകൊണ്ട് ഇവര്‍ എന്‍ഡോഴ്‌സ്‌മെന്റ് കരാറുകളില്‍ ഏര്‍പ്പെട്ടു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അനധികൃത വാതുവെപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച ഫണ്ടിന്റെ ഉറവിടം മറച്ചുവെക്കുന്നതിനായി വിദേശ ഇടനിലക്കാര്‍ വഴിയാണ് ഈ പണമിടപാടുകള്‍ നടത്തിയതെന്നും ഇഡി ആരോപിക്കുന്നു.
ഈ കേസില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിന്‍ ഉത്തപ്പ, നടന്‍ സോനു സൂദ്, നടിമാരായ ഉര്‍വശി റൗട്ടേല, മിമി ചക്രവര്‍ത്തി, അങ്കുഷ് ഹസ്ര തുടങ്ങിയ നിരവധി പ്രമുഖരെയും ഇഡി ചോദ്യം ചെയ്തിരുന്നു.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇഡി നടപടി.