

ഡൽഹി: ഹരിയാനയിലെ സർക്കാർ വോട്ട് ചോരി ആരോപണത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തൻ്റെ ഫോട്ടോ കാണിച്ച സംഭവത്തോട് പ്രതികരിച്ച് ബ്രസീലിയൻ മോഡൽ ലാറിസ്സ. വിചിത്രമായ സംഭവമാണിതെന്നും ഇന്ത്യയിൽ ഇത്തരമൊരു തെരഞ്ഞെടുപ്പ് തട്ടിപ്പ് നടക്കുന്നുവെന്ന വാർത്ത ആദ്യം ഗോസിപ്പാണെന്നാണ് കരുതിയത്. സംഭവം തന്നെ ഞെട്ടിച്ചുവെന്നും ലാറിസ്സ പറഞ്ഞു. ആൾട്ട് ന്യൂസ് സ്ഥാപകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈറാണ് ലാറിസ്സയുടെ വീഡിയോ പുറത്തുവിട്ടത്.
"ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എൻ്റെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടന്നുവത്രെ! തട്ടിപ്പുകാർ ഉപയോഗിച്ചിരിക്കുന്നത് എൻ്റെ 18-20 വയസിൽ എടുത്തൊരു പഴയ ചിത്രമാണ്. അവിടെ തെരഞ്ഞെടുപ്പിലാണെന്ന് തോന്നുന്നു ഇത്തരമൊരു സംഭവമെന്നാണ് തോന്നുന്നത്. എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതത്രെ! എന്തൊരു ഭ്രാന്താണിത്! നമ്മളെല്ലാം ഏത് ലോകത്താണ് ജീവിക്കുന്നത്?," ലാറിസ്സ സമൂഹമാധ്യമത്തിൽ കുറിച്ചു.
"ഞാൻ സലൂണിലെ ജോലിക്കായി പോകുമ്പോഴാണ് ഇന്ത്യൻ മാധ്യമ പ്രവർത്തകൻ എന്നെ അഭിമുഖത്തിനായി വിളിച്ചത്. എന്നാൽ ഞാൻ തയ്യാറായില്ല. എൻ്റെ ഫോൺ നമ്പർ പ്രചരിപ്പിക്കരുതെന്ന് അവരോട് ഞാൻ അഭ്യർത്ഥിച്ചു. മറ്റൊരാൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ എന്നെ വിളിച്ചു. ഇപ്പോൾ എൻ്റെ സുഹൃത്തുക്കളും അപരിചിതരായ നിരവധി പേരും എനിക്ക് ഈ ഫോട്ടോ അയച്ചുതന്നു. നിങ്ങളാരും വിശ്വസിക്കില്ല... എന്താണ് ഇവിടെ സംഭവിക്കുന്നത്," ലാറിസ്സ ചോദിച്ചു.