Source: x/ @ANI
NATIONAL

ലൈംഗികാതിക്രമ കേസിൽ സ്വാമി ചൈതന്യാനന്ദ സരസ്വതി പിടിയിൽ; പിടികൂടിയത് ആഗ്രയിൽ നിന്ന്

ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ 17ഓളം വിദ്യാര്‍ഥികളാണ് ഇയാൾക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ലൈംഗികാതിക്രമ കേസിൽ വസന്ത്കുഞ്ചിലെ ശൃംഗേരി മഠം മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതി പിടിയിൽ.കഴിഞ്ഞ ദിവസം രാത്രി വൈകി ആഗ്രയിൽ നിന്നും ആണ് ഇയാളെ പിടികൂടിയത്. പാര്‍ഥ സാരഥി എന്നറിയപ്പെടുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിയ്‌ക്കെതിരെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ 17ഓളം വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത്. സ്ഥാപനത്തില്‍ ഡിപ്ലോമ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത് എന്നാണ് പരാതിയിൽ പറയുന്നത്.

മോശമായ ഭാഷയില്‍ സംസാരിച്ചു, ലൈംഗിക ചുവയുള്ള മെസേജുകളയച്ചു, ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നീ പരാതികളുമായാണ് പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. ചില അധ്യാപികമാരും അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളും ചൈതന്യാനന്ദയ്ക്ക് വിധേയപ്പെട്ട് നിൽക്കാൻ നിർബന്ധിച്ചുവെന്നും പെൺകുട്ടികൾ ആരോപിച്ചു. സംഭവത്തില്‍ 32 പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.

ആശ്രമത്തില്‍ പ്രവര്‍ത്തിക്കുന്ന ചില വാര്‍ഡന്മാരാണ് പ്രതിക്ക് തങ്ങളെ പരിചയപ്പെടുത്തി നല്‍കിയതെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട എഫ്ഐആറിൽ മഠാധിപതി വനിതാ ഹോസ്റ്റലിൽ ഒളിക്യാമറകൾ സ്ഥാപിച്ചിരുന്നുവെന്നും, വിദേശയാത്രകളിലും വിദ്യാർഥികളെ കൊണ്ടുപോയിരുന്നുവെന്നും ഇഷ്ടപ്രകാരമല്ലാതെ വിദ്യാർഥികളിലൊരാളുടെ പേര് മാറ്റാൻ നിർബന്ധിച്ചുവെന്നും പറയുന്നു.

ചൈതന്യാനന്ദ സരസ്വതിയുടെ വാട്സാപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചൈതന്യാനന്ദ സ്ത്രീകൾക്കയച്ച ലൈംഗികച്ചുവയുള്ള സന്ദേശങ്ങളുടെ ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നത്. സന്ദേശങ്ങളിൽ ചൈതന്യാനന്ദ സ്ത്രീകളെ മുറിയിലേക്ക് വിളിക്കുകയും വിദേശയാത്ര വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഒരു സന്ദേശത്തിൽ സ്ത്രീക്ക് സമ്പത്ത് വാഗ്ദാനം ചെയ്യുകയും മറ്റൊന്നിൽ വിദ്യാർഥിനിയുടെ മാർക്ക് കുറച്ച് തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നെ അനുസരിച്ചില്ലെങ്കിൽ, തോൽപ്പിക്കുമെന്നാണ് ചൈതന്യാനന്ദയുടെ ഭീഷണി.

വാട്സ്ആപ്പ് കോളുകളോ സന്ദേശങ്ങളോ വഴിയാണ് ഇയാൾ ആദ്യം പെൺകുട്ടികളുമായി ബന്ധപ്പെട്ടിരുന്നത്. ആദ്യത്തെ സന്ദേശങ്ങളിൽ ഭീഷണിയൊന്നും ഉണ്ടാവില്ലെങ്കിലും, പിന്നീട് വിചാരിച്ച തരത്തിൽ വിദ്യാർഥിനികൾ മറുപടി നൽകാതിരിക്കുമ്പോഴാണ് ഭീഷണിയിലേക്ക് എത്തുന്നത്. പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും തോൽപ്പിക്കുമെന്നുമാണ് വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുന്നത്. പ്രധാനമായും പിന്നോക്ക വിഭാഗങ്ങളിൽ പെട്ട പെൺകുട്ടികളെയാണ് ഇയാൾ ഉന്നം വെക്കുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു.

SCROLL FOR NEXT