ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ, ടിവികെയുടെ വിജയം പ്രഖ്യാപിച്ച ജ്യോത്സ്യനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി നിയമിച്ച ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.
ഇന്ന് വിശ്വാസ വോട്ടെടുപ്പിനിടെ ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ നടപടി പുനഃപരിശോധിക്കുമെന്ന് വിജയ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ജ്യോത്സ്യനായ റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് ഒഎസ്‍ഡി (ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി) ആയി നിയമിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് നിയമനം അറിയിച്ചത്.
ടിവികെയുടെ വിജയം പ്രഖ്യാപിച്ചു എന്നതിന്റെ പേരിലായിരുന്നു നിയമനം. അതേസമയം വ്യക്തിപരമായ വിശ്വാസങ്ങളെ സര്‍ക്കാരിലേക്ക് കൊണ്ടു വരരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചു.
വിജയ്‍യുടെ അടുത്ത അനുയായിയായ റിക്കി രാധന്‍ പണ്ഡിറ്റ് രാഷ്ട്രീയ, മാധ്യമ വലയങ്ങളില്‍ വലിയ സ്വാധീനമുള്ളയാളാണ്. നേരത്തെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്നു. എന്നാല്‍ ജയലളിത ജയിലില്‍ പോകില്ലെന്ന പ്രവചനം പാളിയതോടെ പുറത്താക്കപ്പെടുകായിരുന്നു.